കോടതി ഉത്തരവ് കാറ്റിൽ പറത്തി ടി.പി വധക്കേസിലെ പ്രതികളിൽ‌ പത്ത് പേർക്ക് പരോൾ; നടപടി പെരുമാറ്റ ചട്ടം പിൻവലിച്ചതിന് തൊട്ടുപിന്നാലെ

കോടതി ഉത്തരവ് കാറ്റിൽ പറത്തി ടി.പി വധക്കേസിലെ പ്രതികളിൽ‌ പത്ത് പേർക്ക് പരോൾ; നടപടി പെരുമാറ്റ ചട്ടം പിൻവലിച്ചതിന് തൊട്ടുപിന്നാലെ

കണ്ണൂർ: കോടതി ഉത്തരവ് കാറ്റിൽ പറത്തി ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വീണ്ടും പരോൾ. മുഖ്യപ്രതികളിലൊരാളായ കൊടി സുനി ഒഴികെ പത്ത് പ്രതികൾക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. നേരത്തെ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കാണ് പരോൾ അനുവദിച്ചത്. നിലവിൽ‌ കണ്ണൂർ സെൻട്രൽ ജയിലിലാണ് പത്ത് പ്രതികളും.

കഴിഞ്ഞ ഫെബ്രുവരിയിൽ ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷ വർദ്ധിപ്പിച്ചുകൊണ്ട് കോടതി ഉത്തരവിറങ്ങിയിരുന്നു. ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികളിൽ ആറുപേർക്ക് ഹൈക്കോടതി ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി വർദ്ധിപ്പിച്ചിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരാണ് ഇവർ. 20 വർഷം കഴിയാതെ ശി​ക്ഷാ ഇളവ് നൽകുന്നതിനും പരോളുകൾ അനുവദിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് പ്രതികൾക്ക് പരോൾ അനുവദിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് പരോൾ അനുവദിച്ചത്. സ്വാഭാവിക നടപടി മാത്രമാണെന്നും തെരഞ്ഞെടുപ്പിന് മുൻപ് അപേക്ഷ സമർപ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. 60 ദിവസത്തെ സാധാരണ പരോളിനും 45 ദിവസത്തെ പ്രത്യേക പരോളിനും പ്രതികൾക്ക് അര്‍ഹതയുണ്ട്. ഇത് അനുസരിച്ചുള്ള അപേക്ഷയിലാണ് ജയില്‍ ഉപദേശക സമിതിയുടെ തീരുമാനമെന്നും ജയില്‍ വകുപ്പ് അറിയിച്ചു. നേരത്തെ വിയ്യൂർ സെൻട്രൽ ജയിൽ വച്ച് ജയിൽ ഉദ്യോ​ഗസ്ഥരെ മർദ്ദിച്ച കേസുള്ളതിനാലാണ് കൊടി സുനിക്ക് പരോൾ അനുവദിക്കാതിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.