രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് സിപിഎം; കേരള കോൺ​ഗ്രസ് എമ്മിനും സിപിഐക്കും സീറ്റ്

രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് സിപിഎം; കേരള കോൺ​ഗ്രസ് എമ്മിനും സിപിഐക്കും സീറ്റ്

തിരുവനന്തപുരം: രാജ്യസഭാ സീറ്റിൽ ഘടകക്ഷികളുടെ ആവശ്യത്തിന് വഴങ്ങി സിപിഎം. രാജ്യസഭാ സീറ്റ് സിപിഐയ്ക്കും കേരള കോൺഗ്രസ് എമ്മിനും നൽകി. ആർ.ജെ.ഡിയുടെ ആവശ്യം സിപിഎം തള്ളി. ഇന്ന് ചേർന്ന ഇടത് മുന്നണി യോഗത്തിലാണ് രാജ്യസഭാ സീറ്റ് തർക്കത്തിൽ തീരുമാനടുത്തത്. ഇതോടെ ജോസ് കെ മാണി കേരള കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി ആകും.

രാജ്യസഭയിലും ലോക്‌സഭയിലും ഓരോ അംഗങ്ങളുള്ള പാർട്ടിയായാണ് കേരള കോൺഗ്രസ് യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നത്. ഇതുരണ്ടും ഇല്ലാതാകുന്നത് പാർട്ടിയെ സംബന്ധിച്ച് പ്രശ്നമുണ്ടാക്കുന്നതാണെന്ന് ഉഭയകക്ഷി ചർച്ചയിൽ ജോസ് കെ. മാണി മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും അറിയിച്ചിരുന്നു.

എൽഡിഎഫ് യോഗത്തിൽ രാജ്യസഭാ സീറ്റായിരുന്നു പ്രധാന അജണ്ട. സഖ്യ കക്ഷികൾ അവകാശ വാദം ഉന്നയിച്ചപ്പോൾ തർക്കത്തിന് നിൽക്കുന്നില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കുന്നതായി വ്യക്തമാക്കി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ എടുക്കുന്ന തീരുമാനമെന്ന് എൽഡിഎഫ് കൺ‌വീനർ ഇ. പി ജയരാജൻ വിശദീകരിച്ചു.

ഘടകകക്ഷികൾ നല്ലത് പോലെ സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ഇ. പി പറഞ്ഞു. സിപിഎം അതിന്റെ നിലവാരം ഉയർത്തി കാണിക്കുന്നു. എല്ലാവരും കയ്യടിച്ചാണ് തീരുമാനം അംഗീകരിച്ചത്. ഒരു പാർട്ടിയുടെ താല്പര്യം മാത്രം അനുസരിച്ചായിരുന്നില്ല തീരുമാനം. ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും ഇ. പി ജയരാജൻ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.