ആരും ഭയപ്പെടരുത്! കേരളത്തില്‍ നാളെ 85 സൈറണുകള്‍ മുഴങ്ങും

ആരും ഭയപ്പെടരുത്! കേരളത്തില്‍ നാളെ 85 സൈറണുകള്‍ മുഴങ്ങും

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ നടക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി, സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് ചൊവ്വാഴ്ച നടക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എട്ട് സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകള്‍ രാവിലെ മുതല്‍ പല സമയങ്ങളിലായി മുഴങ്ങും.

ഗവണ്‍മെന്റ് എച്ച്.എസ്.കരിക്കകം, ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് കല്ലറ, ഗവണ്‍മെന്റ് യു.പി.എസ്, കിഴുവില്ലം, ഗവണ്‍മെന്റ് യു.പി.എസ് വെള്ളറട, ഗവണ്‍മെന്റ് എച്ച്.എസ്.എസ് കാട്ടാക്കട, ഗവണ്‍മെന്റ് വി. എച്ച്. എസ്. എസ് പൂവാര്‍, മിനി ഓഡിറ്റോറിയം, പൊഴിയൂര്‍, ഗവണ്‍മെന്റ് എച്ച്.എസ്.എസ് വിതുര എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകള്‍ സ്ഥാപിച്ചത്. മൊബൈല്‍ ടവറുകളില്‍ അടക്കം 126 സ്ഥലങ്ങളിലാണ് സൈറണുകള്‍ സ്ഥാപിക്കുന്നത്. സൈറണിന് പുറമേ ഫ്‌ളാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ചുഴലിക്കാറ്റ് ഭീഷണി ലഘൂകരണ പദ്ധതി (NCRMP) പ്രകാരം 'കവചം' എന്ന പേരിലാണ് സമഗ്ര മുന്നറിയിപ്പ് സംവിധാനം.

ആദ്യഘട്ടം 36 മൊബൈല്‍ ടവറുകളിലും ബാക്കി ഇടങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളിലുമാണ് സൈറണും ലൈറ്റും സ്ഥാപിക്കുന്നത്. 28 ബിഎസ്എന്‍എല്‍ ടവറുകളില്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ സൈറണുകള്‍ സ്ഥാപിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.