'അടിസ്ഥാന വര്‍ഗത്തെ അവഗണിച്ചാല്‍ അടിത്തറയിളകും'; സര്‍ക്കാരിന് ആലപ്പുഴ സിപിഎമ്മിന്റെ മുന്നറിയിപ്പ്

 'അടിസ്ഥാന വര്‍ഗത്തെ അവഗണിച്ചാല്‍ അടിത്തറയിളകും'; സര്‍ക്കാരിന് ആലപ്പുഴ സിപിഎമ്മിന്റെ മുന്നറിയിപ്പ്

ചേര്‍ത്തല: അടിസ്ഥാന വര്‍ഗത്തെ അവഗണിക്കുന്നത് തുടര്‍ന്നാല്‍ പാര്‍ട്ടിയുടെ അടിത്തറ ഇളകുമെന്ന് സര്‍ക്കാരിന് ആലപ്പുഴയിലെ സിപിഎം പ്രതിനിധികളുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് വിശകലനത്തിനായി ചേര്‍ന്ന ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം യോഗത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് ഉണ്ടായത്.

ഏഴ് നിയോജക മണ്ഡലങ്ങളിലെ ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയ സെക്രട്ടറിമാരുമാണ് പങ്കെടുത്തത്. വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായ പ്രശ്‌നങ്ങള്‍ മുന്‍ഗണന നിശ്ചയിച്ചു പരിഹരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. പാര്‍ട്ടിയുടെ അടിത്തറയിളകിയിട്ടില്ല. എന്നാല്‍ ശക്തി കേന്ദ്രങ്ങളില്‍ അടക്കം ബിജെപിയിലേക്ക് വോട്ടൊഴുകിയത് സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പുമൂലമാണ്. ക്ഷേമ പെന്‍ഷന്‍ മുടക്കം, കയര്‍, മത്സ്യ മേഖലകളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ തിരിച്ചടിയായി.

തിരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കിയെങ്കിലും വോട്ടിന് വേണ്ടിയാണെന്ന ധാരണ പരന്നു. ക്ഷേമ പെന്‍ഷന്‍ വലിയൊരു സമൂഹത്തിന്റെ ആശ്രയമാണ്. കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ താത്വികമായ നിര്‍ദേശം മാത്രമാണ് സര്‍ക്കാര്‍തലത്തില്‍ നിന്നുണ്ടാകുന്നത്. മേഖലയെ ആശ്രയിക്കുന്നവര്‍ക്ക് ആശ്വസിക്കാവുന്ന ഒരു വാക്കുപോലും പറയാന്‍ സര്‍ക്കാരിനോ മന്ത്രിക്കോ ബന്ധപ്പെട്ടവര്‍ക്കോ കഴിയുന്നില്ല.

ബിജെപിയും യുഡിഎഫും പാര്‍ട്ടിക്ക്ു മേല്‍ക്കൈയുള്ള കയര്‍ കേന്ദ്രങ്ങളിലെല്ലാം ഇക്കാര്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രചാരണം നടത്തിയത്. ഇത് പ്രതിരോധിക്കാനുള്ള നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവെയ്ക്കാന്‍ പാര്‍ട്ടിക്കോ എല്‍ഡിഎഫിനോ കഴിഞ്ഞില്ല. മത്സ്യ, നിര്‍മാണ മേഖലകളിലും സാധാരണ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം കിട്ടാത്ത സ്ഥിതിയാണെന്നും യോഗം വിലയിരുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.