ജയിച്ച അമ്പലപ്പുഴയില്‍ അന്വേഷണം നടത്തിയ കരീം സ്വന്തം നാട്ടില്‍ ഒന്നര ലക്ഷം വോട്ടിന് തോറ്റത് അന്വേഷിക്കണ്ടേയെന്ന് ജി. സുധാകരന്‍

ജയിച്ച അമ്പലപ്പുഴയില്‍ അന്വേഷണം നടത്തിയ കരീം സ്വന്തം നാട്ടില്‍ ഒന്നര ലക്ഷം വോട്ടിന് തോറ്റത് അന്വേഷിക്കണ്ടേയെന്ന് ജി. സുധാകരന്‍

ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച അമ്പലപ്പുഴയില്‍ അന്വേഷണം നടത്തിയ എളമരം കരീം സ്വന്തം നാട്ടില്‍ ഒന്നര ലക്ഷം വോട്ടിന് തോറ്റതിനെപ്പറ്റി അന്വേഷിക്കണ്ടേയെന്ന് മുന്‍ മന്ത്രി ജി.സുധാകരന്‍.

ആലപ്പുഴയുടെ ഭൂമിശാസ്ത്രം അറിയാത്ത ആളാണ് അന്വേഷിക്കാന്‍ വന്നത്. ഇവിടെ എത്തിയ ശേഷം തെളിവ് കൊടുക്കാന്‍ പോയ എട്ട് നേതാക്കളെ ഭീഷണിപ്പെടുത്തി. തെറ്റ് ജി. സുധാകരന്റെ ഭാഗത്ത് അല്ലെന്ന് മൊഴി നല്‍കിയവരെയാണ് ഭീഷണിപ്പെടുത്താന്‍ കരീം മുതിര്‍ന്നതെന്നും അദേഹം ആരോപിച്ചു.

അമ്പലപ്പുഴയില്‍ 2021 ല്‍ 11,000 ല്‍പ്പരം വോട്ടിന് പാര്‍ട്ടി വിജയിച്ചപ്പോള്‍ സുധാകരനെതിരെ അന്വേഷണം നടത്തിയ കമ്മീഷനിലെ അംഗമായിരുന്നു കരീം. അമ്പലപ്പുഴയിലെ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി കൂടിയ സംസ്ഥാന കമ്മിറ്റിയിലെ അജണ്ടയെക്കുറിച്ച് തന്നോട് മുന്‍കൂട്ടി പറഞ്ഞിരുന്നില്ലെന്നും യോഗത്തിന് എത്തിയ ശേഷം മാത്രമാണ് അറിഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.

ഇപ്പോള്‍ കരീം തോറ്റത് ആരെങ്കിലും തോല്‍പ്പിച്ചതാണോ എന്ന് അന്വേഷിക്കണ്ടേയെന്നും അദേഹം ചോദിച്ചു. അമ്പലപ്പുഴയില്‍ പാര്‍ട്ടി വിജയിച്ചിട്ടും പാര്‍ട്ടിയോ സംസ്ഥാന കമ്മിറ്റിയോ തന്നെ മനസിലാക്കിയില്ലെന്നും ജി. സുധാകരന്‍ പരിഭവപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ജി.സുധാകരന്‍ രംഗത്ത് വന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് മാനസികമായ അടുപ്പമില്ലെന്നും അന്നും ഇന്നും വി.എസ് അച്യുതാനന്ദന് അപ്പുറം ഒരു നേതാവ് തനിക്ക് ഇല്ലെന്നും സുധാകരന്‍ നേതാവ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.