'ആ സ്ഥാനത്തിരിക്കാന്‍ ആര്‍ക്കും യോഗ്യതയില്ല, മുഖ്യമന്ത്രിയടക്കം മുഴുവന്‍ മന്ത്രിമാരും മാറണം'; സിപിഐ യോഗത്തില്‍ രൂക്ഷ വിമര്‍ശനം

'ആ സ്ഥാനത്തിരിക്കാന്‍ ആര്‍ക്കും യോഗ്യതയില്ല, മുഖ്യമന്ത്രിയടക്കം മുഴുവന്‍ മന്ത്രിമാരും മാറണം'; സിപിഐ യോഗത്തില്‍ രൂക്ഷ വിമര്‍ശനം

കൊച്ചി: മുഖ്യമന്ത്രിയടക്കം മുഴുവന്‍ മന്ത്രിമാരും മാറണമെന്നും ആര്‍ക്കും ഇനി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നും സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശം. പുതിയ മുഖങ്ങള്‍ വരട്ടെയെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് സര്‍ക്കാരിനെതിരേയും മന്ത്രിമാര്‍ക്കെതിരേയും അംഗങ്ങള്‍ ആഞ്ഞടിച്ചത്.

ധനകാര്യ വകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും മന്ത്രിയെ പടിയടച്ച് പിണ്ഡംവയ്ക്കണമെന്നും സിപിഐ മന്ത്രിമാര്‍ ഒന്നിനും കൊള്ളാത്തവരാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആഞ്ഞടിച്ചു. മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി സംസാരിക്കാന്‍ മന്ത്രിമാര്‍ക്ക് ഭയമാണ്. വേദികളിലിരുന്ന് മുഖ്യമന്ത്രിയെ പുകഴ്ത്തുകയാണ് മന്ത്രിമാരുടെ പ്രധാന പണി.

സപ്ലൈകോയെ നോക്കുകുത്തിയാക്കിയതിനെതിരേ യോഗത്തില്‍ വിമര്‍ശനം ഉണ്ടായി. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെട്ടത് അതാണ്. കണ്‍സ്യൂമര്‍ ഫെഡിന് ആവശ്യത്തിന് പണം നല്‍കി കൈയിട്ടുവാരാനാണ് ശ്രമിച്ചതെന്ന് സിപിഎമ്മിനെതിരേ കുറ്റപ്പെടുത്തലും ഉയര്‍ന്നു.

തൃശൂരിലെ ഇടത് പരാജയത്തിന് പിന്നില്‍ പാക്കേജ് നടപ്പാക്കലായിരുന്നു. പ്രകാശ് ജാവദേക്കറുമായി ഉണ്ടാക്കിയ പാക്കേജ് നടപ്പാക്കുന്നതിനായി തൃശൂരില്‍ പ്രത്യേക യോഗം തന്നെ ചേര്‍ന്നു. അതിന്റെ ഭാഗമായാണ് ആര്‍എസ്എസുകാരനായ പൊലീസ് ഉദ്യോഗസ്ഥനെ മുന്‍നിര്‍ത്തി പൂരം കലക്കിയത്. അവിടെ സിപിഐ മന്ത്രിക്കും വീഴ്ചയുണ്ടായി. വോട്ടുചോര്‍ന്നത് പാക്കേജിന്റെ ഭാഗമായാണ്.

ഇ.ഡി അന്വേഷണവും സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിക്കലുമെല്ലാമായി ഇതിനെ കൂട്ടിവായിക്കണം. ഡല്‍ഹി കമ്മിഷണര്‍ കേരളത്തില്‍ വന്ന് ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയത് അറിയാതിരുന്നത് കേരള സര്‍ക്കാര്‍ മാത്രമാണെന്നും യോഗത്തില്‍ കളിയാക്കലുണ്ടായി.

മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത ഇപ്പോഴത്തെ മന്ത്രിക്കില്ല. സിപിഐ മന്ത്രിമാര്‍ക്കെതിരേയും പേരെടുത്തു പറഞ്ഞുകൊണ്ടുള്ള രൂക്ഷ വിമര്‍ശമുയര്‍ന്നു. വള്ളിച്ചെരിപ്പിട്ടു നടക്കലോ അന്യന്റെ പറമ്പിലെ കാച്ചിലുപറിക്കാന്‍ പോകലോ അല്ല കൃഷിമന്ത്രിയുടെ പണി. സിവില്‍ സപ്ലൈസ് മന്ത്രി സമ്പൂര്‍ണ പരാജയമാണ്.

നവകേരള സദസ് ജനങ്ങളെ സര്‍ക്കാരില്‍ നിന്ന് അകറ്റുന്നതിന് മാത്രമേ ഉപകരിച്ചുള്ളൂ. നല്‍കിയ പരാതികള്‍ക്ക് പരിഹാരമൊന്നും ഉണ്ടായില്ല. പഞ്ചായത്തുകള്‍ നല്‍കിയ പരാതി പഞ്ചായത്തുകളിലേക്ക് തന്നെ എത്തുക മാത്രമാണ് ഉണ്ടായത്. ഉദ്യോഗസ്ഥര്‍ക്ക് പണപ്പിരിവ് നടത്തുന്നതിനും ധൂര്‍ത്ത് കാട്ടാനും മാത്രമാണ് നവകേരള സദസ് ഉപകരിച്ചതെന്നും അംഗങ്ങളുടെ വിലയിരുത്തല്‍ ഉണ്ടായി.

ആദ്യം ചേര്‍ന്ന ജില്ലാ എക്‌സിക്യുട്ടീവിലും ഇടതുഭരണത്തിനെതിരേ രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടായി. ഉച്ചയ്ക്ക് നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ഒന്നടങ്കം മന്ത്രിമാര്‍ക്കും ഇടത് നേതൃത്വത്തിനും എതിരേ തിരിയുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.