ഉപതിരഞ്ഞെടുപ്പ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടും രമ്യാ ഹരിദാസ് ചേലക്കരയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളായേക്കും

ഉപതിരഞ്ഞെടുപ്പ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടും രമ്യാ ഹരിദാസ് ചേലക്കരയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളായേക്കും

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഷാഫി പറമ്പിലും സിപിഎമ്മിലെ കെ.രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ആരെന്നത് സംബന്ധിച്ച് യുഡിഎഫില്‍ ഏകദേശ ധാരണയായി.

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ചേക്കും. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എം.പി രമ്യാ ഹരിദാസിനാണ് മുന്നണിയുടെ പ്രഥമ പരിഗണന. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിങ് എംപിയായിരുന്ന രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് സിപിഎമ്മിന്റെ മുന്‍ മന്ത്രി കൂടിയായ കെ. രാധാകൃഷ്ണന്‍ ലോക്‌സഭയിലെത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും രമ്യാ ഹരിദാസ് പിടിച്ച വോട്ടുകള്‍ കണക്കിലെടുത്താണ് രമ്യയെ തന്നെ വീണ്ടും കളത്തിലിറക്കുന്നതിനെക്കുറിച്ച് യു.ഡി.എഫ് ചിന്തിക്കുന്നത്. 35,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. രാധാകൃഷ്ണന്‍ ചേലക്കരയില്‍ നിന്നും വിജയിച്ചത്.

എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 8,798 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നും മത്സരിച്ച സി.സി ശ്രീകുമാറിന്റെ പേരും യുഡിഎഫ് പരിഗണിക്കുന്നുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.