കണ്ണൂര്‍: തലശേരിയില്‍ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കണ്ണൂര്‍ ഡിസിസി ഓഫിസില്‍ വിവിധ ബോംബുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച സംഭവം ഉണ്ടായെന്ന മുഖ്യമന്തിയുടെ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് കെ.സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചത്.
കഴിഞ്ഞ ദിവസമാണ് തലശേരി എരഞ്ഞോളിയില്‍ വൃദ്ധന്‍ ബോംബ് പൊട്ടി മരിച്ചത്. അപൂര്‍വം കൊലകളില്‍ ഒന്നാണ് ഇത്. സിപിഎമ്മിന്റെ ആക്രമണത്തില്‍ എത്ര ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ മരിച്ചത് ചെറുപ്പക്കാരന്‍ അല്ലല്ലോ. അത് മെച്ചം എന്നേയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോ. അയാള്‍ വെട്ടിക്കൊന്ന ആളെത്രയാണ്. വെടിവെച്ചു കൊന്ന ആളുകളെത്ര. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ, എന്ന് തുടങ്ങി രൂക്ഷമായ ഭാഷയിലാണ് കെ. സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചത്.
സിപിഎമ്മിന്റെ ഓഫീസില്‍ നിന്ന് ബോംബ് പിടിച്ചിട്ടുണ്ട്. തങ്ങളുടെ ഓഫീസില്‍ നിന്നും പിടിച്ചിട്ടില്ല. വിവരം കെട്ടവനാണ് മുഖ്യമന്ത്രി. കോണ്‍ഗ്രസ് ആരെയും ബോംബെറിഞ്ഞിട്ടും കൊന്നിട്ടുമില്ലെന്നും കെ. സുധാകരന്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം ചെറുപ്പക്കാരാണ് മരിച്ചതെന്ന് പറഞ്ഞ കെ സുധാകരന്‍ സ്വന്തം പാര്‍ട്ടിയിലെ അടക്കം എത്ര ചെറുപ്പക്കാരെ സിപിഎം കൊന്നു എന്നും ചോദിച്ചു. അങ്ങനെയൊരു ചെറുപ്പക്കാരന്‍ മരിച്ചില്ലെന്നാണ് വൃദ്ധനാണല്ലോ മരിച്ചത് എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിച്ചത്. അപൂര്‍വം കൊലകളില്‍ ഒന്നാണിതെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ അസ്ഥിത്വം തന്നെ കൊലപാതകത്തിലും ബോംബേറിലും ആണെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.
കണ്ണൂര്‍ എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധന്‍(75) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. പറമ്പില്‍ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കാന്‍ ശ്രമിച്ചതോടെയാണ് പൊട്ടിത്തെറിച്ചത്. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബോംബ് എവിടെ നിന്ന് എത്തിയെന്ന അന്വേഷണമാണിപ്പോള്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്. അതേസമയം പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ബോംബ് സൂക്ഷിച്ചത് സിപിഎം അറിവോടെയെന്നാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആരോപണം. ബോംബ് സ്‌ക്വാഡ് പറമ്പിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല.
സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പരിശോധന കര്‍ശനമാക്കാനാണ് പൊലീസ് നീക്കം. തലശ്ശേരി, പാനൂര്‍, മട്ടന്നൂര്‍, ചൊക്ലി എന്നിവിടങ്ങളില്‍ പൊലീസ് പ്രത്യേക പരിശോധന നടത്തും. അതേസമയം വിഷയം നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.