കേരളത്തില്‍ നിന്നുള്ള ബസുകള്‍ തടഞ്ഞ് തമിഴ്നാട് എംവിഡി; സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ അര്‍ധരാത്രി റോഡില്‍ ഇറക്കിവിട്ടു

 കേരളത്തില്‍ നിന്നുള്ള ബസുകള്‍ തടഞ്ഞ് തമിഴ്നാട് എംവിഡി; സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ അര്‍ധരാത്രി റോഡില്‍ ഇറക്കിവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസുകള്‍ തമിഴ്‌നാട് എംവിഡി തടഞ്ഞു. അര്‍ധരാത്രി മലയാളികള്‍ അടക്കമുള്ള യാത്രക്കാരെ പെരുവഴിയിലിറക്കിവിട്ടു എന്നാണ് ആരോപണം. വണ്‍ ഇന്ത്യ ടാക്‌സിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് എംവിഡിയുടെ നടപടി.

നാഗര്‍കോവില്‍ ഭാഗത്തുവച്ചായിരുന്നു സംഭവം. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെയാണ് റോഡില്‍ ഇറക്കിവിട്ടത്. വേറെ ഏതെങ്കിലും ബസില്‍ യാത്ര തുടരണമെന്നും എംവിഡി ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ആദ്യമായിട്ടല്ല തമിഴ്‌നാടിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നടപടിയുണ്ടാകുന്നത്.

കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ബസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ബസുകള്‍ തടഞ്ഞ് വിദ്യാര്‍ത്ഥികളും സ്ത്രീകളുമടക്കമുള്ളവരെ നടുറോഡില്‍ ഇറക്കിവിട്ടത്. വണ്‍ ഇന്ത്യ ടാക്സ് പ്രകാരം അന്തര്‍ സംസ്ഥാന ബസുടമകള്‍ നികുതി അടച്ചിട്ടുണ്ട്. എന്നാല്‍ ഇതുപോര എന്നാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതാണ് ബസുടമകളെ കുഴപ്പിക്കുന്നത്.

തമിഴ്നാട് രജിസ്ട്രേഷനല്ലാത്ത വാഹനങ്ങള്‍ക്ക് വലിയ തുക നികുതിയായി നല്‍കണമെന്ന നിലപാട് എംവിഡി സ്വീകരിച്ചതോടെയാണ് സര്‍വീസുകള്‍ വേണ്ടെന്ന് വച്ചതെന്ന് ബസുടമകള്‍ പ്രതികരിച്ചു. ബസുടമകള്‍ സര്‍വീസുകള്‍ റദ്ദാക്കിയത് മലയാളികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

കേരളത്തില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ജോലിക്കുമൊക്കെയായി നിരവധി പേരാണ് ബംഗളൂരുവിലേക്കും മറ്റും തമിഴ്നാട് വഴി പോകുന്നത്. തമിഴ്നാട് എംവിഡിയുടെ ഈ നിലപാടില്‍ വലഞ്ഞിരിക്കുകയാണ് യാത്രക്കാര്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.