തിരുവനന്തപുരം: ഇനി മത്സരിക്കണോ മാറി നില്‍ക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വയനാട്ടില്‍ പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങും. അതേസമയം പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദേഹം.
വട്ടിയൂര്‍ക്കാവ് സ്വന്തം കുടുംബം പോലെയാണ്. താന്‍ വടകര എം പിയായിരിക്കുമ്പോഴും ആഴ്ചയില്‍ രണ്ട് തവണ വട്ടിയൂര്‍ക്കാവില്‍ വരാറുണ്ടായിരുന്നു. ഇപ്പോള്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും ഇല്ല. അതിനാല്‍ത്തന്നെ വട്ടിയൂര്‍ക്കാവില്‍ സജീവമായിട്ട് ഉണ്ടാകും. സ്വന്തം ഇഷ്ടപ്രകാരമല്ല വട്ടിയൂര്‍ക്കാവ് വിട്ടുപോയത്. പാര്‍ട്ടി പറഞ്ഞിട്ട് വടകര പോയി. അവിടെ നിന്ന് തൃശൂരിലേക്ക് മാറാന്‍ പറഞ്ഞു, മാറി. തോല്‍വിയുണ്ടായി. ഇനിയുള്ള ഒന്ന് രണ്ട് വര്‍ഷക്കാലം വട്ടിയൂര്‍ക്കാവില്‍ ഉണ്ടാകുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
അതേപോലെ അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. മത്സരിക്കണോ, മാറി നില്‍ക്കണോ, എവിടെ മത്സരിക്കണം എന്നൊക്കെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. പക്ഷേ തന്റെ ചോയിസ് എപ്പോഴും വട്ടിയൂര്‍ക്കാവ് ആണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുമ്പോള്‍ സജീവമായി ഇറങ്ങും. അതിനുമുമ്പ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ വരുമ്പോള്‍ അവര്‍ക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുരളീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അവിടെ മത്സരിക്കാന്‍ ധാരാളം ചെറുപ്പക്കാര്‍ ഉണ്ടെന്നും അദേഹം പറഞ്ഞിരുന്നു.