കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. വെള്ളാപ്പള്ളി നടേശന്‍ ആര്‍.എസ്.എസിന് ഒളിസേവ ചെയ്യുകയാണ്. ഈഴവര്‍ക്ക് അവകാശപ്പെട്ടത് മുസ്‍ലിംകളോ ക്രിസ്ത്യാനികളോ തട്ടിയെടുക്കുന്നുണ്ടെങ്കില്‍ വെള്ളാപ്പള്ളി അത് തെളിയിക്കണമെന്നും സുപ്രഭാതം മുഖപ്രസംഗം ആവശ്യപ്പെട്ടു.
ഈഴവര്‍ക്കെന്ന വ്യാജേന വെള്ളാപ്പള്ളി സവര്‍ണ സമുദായങ്ങള്‍ക്ക് വിടുപണി ചെയ്യുകയാണ്. വെള്ളാപ്പള്ളി വര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്ത അസത്യങ്ങള്‍ നിരന്തരം വമിപ്പിക്കുന്നു. സംഘപരിവാറിനെ നാണിപ്പിക്കും വിധം അവാസ്തവങ്ങള്‍ കൊണ്ട് വെള്ളാപ്പള്ളി ഛിദ്രത തീര്‍ക്കുകയാണ്. ഇസ്‍ലാമോഫോബിയ എന്ന സംഘപരിവാര്‍ അജണ്ട ഈഴവരിലേക്കും പടര്‍ത്താനാണ് വെള്ളാപ്പള്ളിയുടെ കുടില തന്ത്രമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് മടിക്കുന്നതെന്നും സുപ്രഭാതം മുഖപ്രസംഗം ചോദിക്കുന്നു. വെള്ളാപ്പള്ളി നടേശനെതിരെ നടപടിയെടുക്കുന്നതിന് ആരാണ് സര്‍ക്കാരിനെ വിലക്കുന്നത് ? അപരമത വിദ്വേഷം പടര്‍ത്തുന്ന വെള്ളാപ്പള്ളി നവോത്ഥാന സമിതി ചെയര്‍മാന്‍ ആയി തുടരുന്നത് എങ്ങനെ ? വെള്ളാപ്പള്ളിയുടെ വിഷം ചീറ്റലില്‍ യു.ഡി.എഫ് പുലര്‍ത്തുന്ന മൗനം അപകടകരമെന്നും സമസ്ത മുഖപത്രം പറയുന്നു.