ആത്മാവ് നഷ്ടപ്പെട്ട പാർട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതമാണ് പിണറായി വിജയൻ: കെ സുധാകരൻ

ആത്മാവ് നഷ്ടപ്പെട്ട പാർട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതമാണ് പിണറായി വിജയൻ: കെ സുധാകരൻ

തിരുവനന്തപുരം: ആത്മാവ് നഷ്‌ടപ്പെട്ട പാർട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ. അണികൾ ചോരയും നീരും നൽകി കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന്റെയും ഭരണത്തിന്റെയും തലപ്പത്തിരിക്കുന്നവർ ചീഞ്ഞുനാറുന്നത് തിരുത്തൽ യജ്ഞക്കാർ കണ്ടില്ലെന്ന് നടിച്ചെന്നും സുധാകരൻ പറ‌ഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ദയനീയ പരാജയത്തിന് കാരണഭൂതൻ മുഖ്യമന്ത്രിയാണെന്ന് സിപിഐയുടെയും സിപിഎമ്മിന്റെയും ജില്ലാ യോഗങ്ങൾ വരെ ചൂണ്ടിക്കാട്ടിയതാണ്. ഇത് സംസ്ഥാന യോഗത്തിൽ ചർച്ചയ്‌ക്കെടുക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ എകെജി സെന്ററിന് കാവലിരുന്നു. മുഖ്യമന്ത്രിയെ കത്തുന്ന സൂര്യനെപ്പോലെ കരുതുന്ന ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി എന്നതിനെക്കാൾ പിണറായി വിജയന്റെ പണപ്പെട്ടി സൂക്ഷിപ്പുകാരൻ എന്ന നിലയിലേക്ക് തരംതാണു. പാർട്ടിയിൽ നിന്ന് അടപടലം വോട്ട് മറിഞ്ഞിട്ടും തിരുത്തലിന് തയ്യാറാകാതെ കാരണഭൂതനെ കൈവിടാതെ ചുമക്കുന്നത് ലാഭവിഹിതത്തിന്റെ പങ്ക് പറ്റിയവരാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

'തലനാരിഴ കീറി പരാജയ കാരണങ്ങൾ പരിശോധിക്കുമെന്നാണ് പറഞ്ഞതെങ്കിലും പതിവ് പോലെ കേന്ദ്രത്തെയും ചില സംഘടനകളെയും വിഭാഗങ്ങളെയുമൊക്കെ കുറ്റപ്പെടുത്തി തലയൂരി. തോൽവിയുടെ യഥാർത്ഥ കാരണമായ മുഖ്യമന്ത്രിയുടെ ധിക്കാരം, അഴിമതി, ആർഭാടം, വിദേശ യാത്രകൾ, ജനങ്ങളോടുള്ള പുച്ഛം തുടങ്ങിയവയൊന്നും ചർച്ചയ്‌ക്ക് വരാതെ പാർട്ടി സെക്രട്ടറി സംരക്ഷിച്ചു. പാർട്ടി ശക്തികേന്ദ്രങ്ങളിൽ നടക്കുന്ന ബോംബ് നിർമാണവും ബോംബ് സ്ഥോടനവുമൊക്കെ പാർട്ടി മാത്രം കാണുന്നില്ല. അതിനെതിരെ രംഗത്തുവരുന്ന സ്‌ത്രീകളെപ്പോലും ഭീഷണിപ്പെടുത്തുന്നു. എസ്‌.എഫ്‌.ഐ ഗുണ്ടകളുടെ ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ട സിദ്ധാർത്ഥിനെ പോലുള്ളവരുടെ നിലവിളി കേൾക്കാൻ സിപിഎമ്മിന് കഴിയുന്നില്ല.'- സുധാകരൻ പറഞ്ഞു

'ഇന്ത്യാ മുന്നണിയുടെ ഭാഗമായിരിക്കെ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ ക്രൂരമായ പരാമർശങ്ങൾ പോലും തിരുത്താൻ തയാറായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിണറായിയെ പിന്തുണച്ച ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയെ വിവരദോഷിയെന്ന് പിണറായി വിജയൻ വിളിച്ചത് 19 സീറ്റിൽ തോറ്റതിന് ശേഷമാണ്. ഇതേ രീതിയിലാണ് 99 സീറ്റിൽ ജയിപ്പിച്ചുവിട്ട ജനങ്ങളോടുള്ള പെരുമാറ്റം ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ സിപിഎമ്മിന്റെ ശവക്കുഴി തോണ്ടും.'- സുധാകരൻ കൂട്ടിച്ചേർത്തു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.