ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് ; മൂന്ന് പ്രധാന പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം

ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് ; മൂന്ന് പ്രധാന പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം. ടി.കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാർ നീക്കം. ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച പ്രതികളാണിവര്‍. ഹൈക്കോടതി വിധി മറികടന്ന് പ്രതികളെ വിട്ടയക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടി.

സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ടി. പി കേസിലെ മൂന്ന് പ്രതികളെ ഉള്‍പ്പെടുത്തുകയായിരുന്നു. പൊലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാരിന് ഉത്തരവിറക്കാനാകും. അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെയാണ് പ്രതികള്‍ക്ക് പുറത്തിറക്കാനാവുക.

ജൂണ്‍ 13 നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ടില്‍ നിന്നും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തയച്ചത്. സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന മാനദണ്ഡ പ്രകാരം തടവുകാര്‍ക്ക് സ്‌പെഷ്യല്‍ റിമിഷന്‍ നല്‍കി വിട്ടയക്കാന്‍ വേണ്ടി തീരുമാനിച്ചെന്നും പ്രതികളുടെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് സഹിതം ഫയലുകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തില്‍. പട്ടികയില്‍ സൂചിപ്പിക്കുന്ന പ്രതികളുടെ റിമിഷനായി പ്രതികളുടെ ബന്ധുക്കളുടേത് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിലേക്ക് അയക്കണമെന്നും നിർദേശമുണ്ട്.

സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ടീയപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ. കെ രമ പറഞ്ഞു. ശിക്ഷ ഇളവ് നൽകരുതെന്ന കോടതി തീരുമാനത്തിന് സർക്കാർ പുല്ലു വില കൽപ്പിക്കുകയാണെന്നും കെ. കെ രമ കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.