തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസ് തള്ളി.
ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ നോട്ടീസിന് അനുമതി നിഷേധിച്ചു.
സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തിന് തെളിവായി കത്ത് പുറത്ത് വന്നിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന് ഭയമാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്ക് തര്‍ക്കമായി.
സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലെ വാക് തര്‍ക്കത്തിനൊടുവില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ശിക്ഷ ഇളവില്ലെന്ന് പറയേണ്ടത് സ്പീക്കറല്ലെന്നും മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
അതിനിടെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കെ.കെ രമ എംഎല്‍എ ഇന്ന് ഗവര്‍ണര്‍ക്ക് കത്തു നല്‍കും. ഇന്നു വൈകുന്നേരം 4.30 ന് ഗവര്‍ണറെ കണ്ടാണ് രമ കത്ത് കൈമാറുക.
ടി.പി കേസ് പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനുള്ള നീക്കമാണ് വിവാദമായത്. ജയില്‍ സൂപ്രണ്ടിന്റെ കത്ത് വിവാദമായതോടെ പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി വ്യക്തമാക്കി.