സിറ: ദുക്റാന തിരുനാൾ ആഘോഷിച്ച് മാൾട്ടാ സെൻ്റ് തോമസ് സിറോ മലബാർ കമ്മ്യൂണിറ്റി. സിറയിലെ സെന്റ് മോണിക്ക സ്കൂൾ സ്കൂൾ ഓഡിറ്റോറിയത്തിൽ ജൂൺ 28, 29, 30 തീയതികളിലാണ് തിരുനാൾ ആഘോഷങ്ങൾ നടന്നത്. മധ്യസ്‌ഥ പ്രാർത്ഥന, ഇടവക ദിനം, വാർഷികാഘോഷം, പ്രസുദേന്തി സമർപ്പണം, വിശ്വാസ പ്രഘോഷണ റാലി എന്നിവ തിരുനാളിനോടനുബന്ധിച്ച് നടന്നു.
തിരുനാളിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച വൈകിട്ട് 5.30 ന് ബിഷപ്പ് മാർ തോമസ് തറയിലിന് ഇടവക സമൂഹം സ്വീകരണം നൽകി. 5.45 ന് കൊടിയേറ്റും ആറ് മണിക്ക് പ്രസുദേന്തി വാഴ്ചയും ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു. രാത്രി ഏഴ് മുതൽ ഒമ്പത് വരെ ബിഷപ്പ് തോമസ് തറയിലിന്റെ നേതൃത്വത്തിൽ ആത്മീയ പ്രഭാഷണം സംഘടിപ്പിച്ചു.
രണ്ടാം ദിനമായ ശനിയാഴ്ച വൈകിട്ട് 3.00ന് ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് മധ്യസ്ഥ പ്രാർത്ഥനയും നടന്നു. വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെ ആത്മീയ പ്രഭാഷണവും രാത്രി ഏഴ് മുതൽ ഒമ്പത് വരെ വാർഷിക സമ്മേളനവും കലാപരിപാടികളും സമ്മാന ദാനവും സംഘടിപ്പിച്ചു.

മൂന്നാം ദിനമായ ഞായറാഴ്ച വൈകിട്ട് 3.00 മണിക്ക് ബിഷപ്പ് തോമസ് തറയിൽ മുഖ്യ കാർമ്മികത്വത്തിൽ റാസ കുർബാനയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടന്നു. ഇടവക വിശ്വാസികളൊന്ന് ചേർന്ന് വൈകിട്ട് 5.30ന് ആഘോഷമായ പ്രദിക്ഷണം സംഘടിപ്പിച്ചു. വൈകിട്ട് പൊതു സമ്മേളനവും കലാസന്ധ്യയും അരങ്ങേറി. മാൾട്ട ആർച്ച് ബിഷപ്പ് ചാൾസ് സിക്ലൂന മുഖ്യാതിഥിയായിരുന്നു.
