കുട്ടനാട് താലൂക്കില്‍ ഉള്‍പ്പെട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തില്‍ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കുട്ടനാട് താലൂക്കില്‍ ഉള്‍പ്പെട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിത്.
കണ്ണൂരും കോഴിക്കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു. തിങ്കളാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന് സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്നും അതത് ജില്ലാ കളക്ടര്‍മാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
കൂടാതെ കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുവഴികളില്‍ വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലുമാണ് അവധി പ്രഖ്യാപിച്ചത്.
അതേസമയം അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ചും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.