ഖാർത്തൂം: സുഡാനിലെ ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നതിനിടെ രാജ്യത്തെ സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായ അൽ ഫാഷിർ സൈനിക ആസ്ഥാനം റാപിഡ് സപ്പോർട്ട് ഫോഴ്സ് കീഴടക്കിയതായി റിപ്പോർട്ടുകൾ. വടക്കൻ ഡാർഫർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അൽ ഫാഷിർ കഴിഞ്ഞ 18 മാസങ്ങളായി ആർഎസ്എഫിന്റെ ഉപരോധത്തിലായിരുന്നു.
"അൽ ഫാഷിർ ആറാം ഡിവിഷനിലുള്ള സുഡാൻ സൈന്യത്തിന്റെ ആസ്ഥാനം ഞങ്ങൾ തകർത്തു. നഗരം ഇപ്പോൾ പൂർണമായും ആർഎസ്എഫിന്റെ നിയന്ത്രണത്തിലാണ്." - ആർഎസ്എഫ് വക്താവ് അറിയിച്ചു.
കഴിഞ്ഞ രണ്ടു വർഷമായി സുഡാൻ സൈന്യവും അർധ സൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ കടുത്ത ഏറ്റുമുട്ടലിലാണ്. ഖാർത്തൂമിൽ ആരംഭിച്ച സംഘർഷം രാജ്യത്തെ പലഭാഗങ്ങളിലേക്കും വ്യാപിച്ച് ആഭ്യന്തര യുദ്ധരൂപം സ്വീകരിച്ചു.
അൽ ഫാഷിർ സൈനിക ആസ്ഥാനം കീഴടക്കിയതോടെ സുഡാൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി തകർന്നതായാണ് വിലയിരുത്തൽ. ആർഎസ്എഫിനു വേണ്ടി ഇതൊരു പ്രധാന സൈനികവും രാഷ്ട്രീയവുമായ വിജയം എന്നാണ് നിരീക്ഷകർ പറയുന്നത്.
ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം കനത്തോടെ കോടിക്കണക്കിനാളുകൾ രാജ്യത്ത് നിന്ന് പലായനം ചെയ്തു. അതിലുമേറെ പേർ പട്ടിണിയിലായി. സംഘർഷം രൂക്ഷമാകുന്നതിനിടെ രാജ്യത്തെ സമാധാനം എന്ന് പുനസ്ഥാപിക്കാൻ കഴിയുമെന്ന ആശങ്കയിലാണ് ജനം.