ഇസ്ലാമബാദ്: പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഭരണം പാകിസ്ഥാന് സമ്മാനിച്ചത് പൊതുകടത്തിനും ദാരിദ്ര്യത്തിനും ഉള്ള പുതിയ റെക്കോര്‍ഡ്. പാകിസ്ഥാന്റെ പൊതുകടം 287 ബില്യണ്‍ യു.എസ് ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 13 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
പാകിസ്ഥാന്‍ ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ 2025 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് കടം-ജിഡിപി അനുപാതം 70 ശതമാനമായി വര്‍ധിച്ചു. ആഭ്യന്തര കടം വര്‍ഷം തോറും 15 ശതമാനം വര്‍ധിച്ച് 54.5 ട്രില്യണ്‍ രൂപയിലെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ നല്ലൊരു പങ്കും എഡിബി, ലോക ബാങ്ക് വായ്പകളാണ്.
പാകിസ്ഥാന്റെ മൊത്തം വിദേശ കടത്തിന്റെ 84 ശതമാനവും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. 6.18 ബില്യണ്‍ ഡോളര്‍ കടമുള്ള പഞ്ചാബാണ് പ്രവിശ്യകളില്‍ ഏറ്റവും വലിയ കടക്കാരന്‍. 4.67 ബില്യണ്‍ ഡോളറുമായി സിന്ധാണ് രണ്ടാം സ്ഥാനത്ത്. ഖൈബര്‍ പഖ്തൂണ്‍ഖ്വയുടെ കടം 2.77 ബില്യണ്‍ ഡോളറാണ്. അതേസമയം ബലൂചിസ്ഥാന് 371 മില്യണ്‍ ഡോളറാണ് കടം.