കൊച്ചി: ഫാ. ആന്റണി കാട്ടിപറമ്പിലിനെ കൊച്ചി ബിഷപ്പായി നിയമിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഇന്ന് ഇറ്റാലിയന്‍ സമയം ഉചയ്ക്ക് 12 മണിക്കാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഇതിനൊപ്പം ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് ഫോര്‍ട്ടു കൊച്ചി ബിഷപ്പ്‌സ് ഹൗസിലെ ചാപ്പലില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ്. റവ. ഡോ ജോസഫ് കളത്തിപ്പറമ്പിലിന്റെയും മറ്റ് ബിഷപ്പുമാരുടെയും സാന്നിധ്യത്തില്‍ കൊച്ചി രൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജെയിംസ് റാഫേല്‍ ആനാ പറമ്പില്‍ പുതിയ ബിഷപ്പിന്റെ പേര് പ്രഖ്യാപിക്കുകയും സ്ഥാനീയ ചിഹ്നങ്ങള്‍ അണിയിക്കുകയും ചെയ്തു.
2024 മാര്‍ച്ച് രണ്ടിന് ഡോ. ജോസഫ് കരിയില്‍ വിരമിച്ചതിനെ തുടര്‍ന്ന് കൊച്ചി രൂപത അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിന്‍ കീഴിലായിരുന്നു. 55 വയസുള്ള ഫാ. ആന്റണി കാട്ടിപറമ്പില്‍ നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയായി സേവനമനുഷ്ഠിക്കുകയാണ്. പദവി ഏറ്റെടുക്കുന്ന ചടങ്ങിന്റെ തിയതിയും മറ്റ് അനുബന്ധ വിവരങ്ങളും കൊച്ചി രൂപത പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
“ദൈവം നൽകിയ ഈ ഉത്തരവാദിത്തം ഞാൻ വിനയത്തോടെ ഏറ്റെടുക്കുന്നു. വിശ്വാസ സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്കും സഭയുടെ ദൗത്യങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി സേവിക്കും.”- ഫാ. ആന്റണി കാട്ടിപറമ്പിൽ പറഞ്ഞു.
1970 ഒക്ടോബര്‍ 14 ന് മുണ്ടംവേലിയില്‍ ജനിച്ച ഫാ. ആന്റണി മുണ്ടംവേലിയിലെ സെന്റ് ലൂയിസ് ഇടവകാംഗമാണ്. പരേതരായ ജേക്കബിന്റെയും ട്രീസയുടെയും ഏഴ് മക്കളില്‍ ഇളയവനാണ്. ബാല്യകാലം മുതൽ ആത്മീയതയോടും സേവന മനോഭാവത്തോടും ചേർന്ന ജീവിതമാണ് അദേഹം നയിച്ചത്.
പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ പൂർത്തിയാക്കിയ ശേഷം കൊച്ചി രൂപതയിലൂടെയാണ് ഫാ. ആന്റണി ദൈവവിളി തിരിച്ചറിഞ്ഞത്. സേമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു പിന്നാലെ നിരവധി ദേവാലയങ്ങളിലും വിദ്യാഭ്യാസ - ആത്മീയ സ്ഥാപനങ്ങളിലും സേവനം അനുഷ്ഠിച്ചു.
ആധുനികമായ ചിന്താശേഷിയും ശാസ്ത്രീയമായ സമീപനവും അദേഹത്തെ സഭയിലെ ശ്രദ്ധേയനായ പുരോഹിതനാക്കി. സഭയിലെ നിയമപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും വിധിന്യായ തീരുമാനങ്ങൾ തയ്യാറാക്കുന്നതിലും മുഖ്യ പങ്കുവഹിച്ചിട്ടുള്ള ഫാ. ആന്റണി സഭയിലെ നിയമവിഭാഗത്തിൽ സമഗ്രമായ പരിചയസമ്പത്താണ് നേടിയിട്ടുള്ളത്.