ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായി ഇസ്താംബുളില്‍ നടക്കുന്ന ചര്‍ച്ച ഒരു ഉടമ്പടിയില്‍ എത്തിയില്ലെങ്കില്‍ അത് തുറന്ന യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നതായും എന്നാല്‍ ഒരു ധാരണയിലെത്താന്‍ സാധിക്കാത്തത് തുറന്ന യുദ്ധം എന്നാണ് അര്‍ഥമാക്കുന്നതെന്നും ഖ്വാജ ആസിഫ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
തുര്‍ക്കിയിലെ ഇസ്താംബുളില്‍ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ ശനിയാഴ്ച ആരംഭിച്ചിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന കനത്ത ഏറ്റുമുട്ടലുകള്‍ക്ക് ശേഷം സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിനും ഇരു രാജ്യങ്ങളും പങ്കിടുന്ന അതിര്‍ത്തിയില്‍ ശാശ്വതമായ വെടിനിര്‍ത്തല്‍ സ്ഥാപിക്കുന്നതിനുമാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ ലക്ഷ്യമിടുന്നത്.
സാധാരണക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിന് പിന്നില്‍ പാകിസ്ഥാനാണെന്ന് താലിബാന്‍ സര്‍ക്കാര്‍ ആരോപിക്കുകയും തുടര്‍ന്ന് അതിര്‍ത്തിയില്‍ തിരിച്ചടികള്‍ ആരംഭിക്കുകയുമായിരുന്നു. തുടക്കത്തില്‍ ഇരുപക്ഷവും വെടിനിര്‍ത്തലിന് സമ്മതിച്ചെങ്കിലും പാകിസ്ഥാനെ അഫ്ഗാനിസ്ഥാന്‍ കുറ്റപ്പെടുത്തിയതോടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സമാധാനം തകരുകയായിരുന്നു. ഖത്തറിന്റെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ രണ്ടാമതും വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയിരുന്നു.
ദോഹ ചര്‍ച്ചകള്‍ക്കിടെ പ്രഖ്യാപിച്ച സ്ഥിരത നിലനിര്‍ത്താനുള്ള സംവിധാനങ്ങളെ കുറിച്ച് ശനിയാഴ്ചത്തെ ചര്‍ച്ചകളില്‍ പ്രതിനിധികള്‍ രൂപരേഖ തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ചര്‍ച്ചകള്‍ക്കായി ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഹാജി നജീബിന്റെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ പ്രതിനിധി സംഘം വെള്ളിയാഴ്ച തന്നെ തുര്‍ക്കിയില്‍ എത്തിയിരുന്നു.
താലിബാന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് കാബൂളില്‍ ആദ്യ സ്‌ഫോടനങ്ങള്‍ നടന്നത്.