നൈജറിൽ ക്രിസ്ത്യൻ മിഷനറിയെ തട്ടിക്കൊണ്ടുപോയി; സുരക്ഷിത മോചനത്തിനായി പ്രാർത്ഥന അഭ്യർഥിച്ച് വൈദികൻ

നൈജറിൽ ക്രിസ്ത്യൻ മിഷനറിയെ തട്ടിക്കൊണ്ടുപോയി; സുരക്ഷിത മോചനത്തിനായി പ്രാർത്ഥന അഭ്യർഥിച്ച് വൈദികൻ

നിയാമി : നൈജറിൽ ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ മിഷനറിയായ കെവിൻ റൈഡൗട്ടിനെ ഇസ്ലാമിക തീവ്രവാദികളെന്നു സംശയിക്കുന്ന അക്രമികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. അദേഹത്തിന്റെ സുരക്ഷിതമായ മോചനത്തിനായി ബുർക്കിന ഫാസോയിലെ കത്തോലിക്കാ വൈദികൻ ഫാ. എറ്റിയെൻ ടാൻഡംബ പ്രാർത്ഥന അഭ്യർത്ഥിച്ചു.

ജിഹാദികളാണെന്നാണ് സംശയിക്കപ്പെടുന്ന മൂന്ന് അജ്ഞാത ആയുധധാരികളാണ് നിയാമിയിൽ നിന്ന് കെവിൻ റൈഡൗട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന് ആഫ്രിക്കയിലെ സിഎൻഎയുടെ വാർത്താ പങ്കാളിയായ എസിഐ ആഫ്രിക്ക റിപ്പോർട്ട് ചെയ്തു.

ബുർക്കിന ഫാസോയിലെ ഫാഡ എൻ’ഗൗർമ രൂപതയിലെ വൈദികൻ ഫാ. എറ്റിയെൻ ടാൻഡംബ റൈഡൗട്ടിന്റെ സുരക്ഷിത മോചനത്തിനായി സഭയോട് പ്രാർത്ഥന അഭ്യർത്ഥിച്ചു. “നൈജറിനെയും ബുർക്കിന ഫാസോയെയും പോലെ ജിഹാദികളുടെ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സുരക്ഷയ്‌ക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു,” ഫാ. ടാൻഡംബ എസിഐ ആഫ്രിക്കയോട് പറഞ്ഞു.

2021 മുതൽ 2023 വരെ മാലി, ബുർക്കിന ഫാസോ, നൈജർ എന്നിവിടങ്ങളിലുണ്ടായ അട്ടിമറികളെത്തുടർന്ന് ഈ രാജ്യങ്ങൾ സൈനിക ഭരണത്തിലാണ്. സഹേൽ മേഖലയിലെ സുരക്ഷാ അവസ്ഥ വഷളാകുന്നതിനിടെയാണ് ഈ തട്ടിക്കൊണ്ടുപോകൽ നടന്നത്.

യുഎസ് ആസ്ഥാനമായ സെർവിംഗ് ഇൻ മിഷൻ എന്ന സംഘടനയുടെ പൈലറ്റായിരുന്ന റൈഡൗട്ട് മിഷണറി പ്രവർത്തനങ്ങളിൽ ആത്മാർത്ഥതയോടെ ഏർപ്പെട്ടിരുന്നുവെന്ന് സഹപ്രവർത്തകർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.