രാഹുലിന് കൂടുതല്‍ കുരുക്കായി മറ്റൊരു പീഡന പരാതി കൂടി; ഹോംസ്‌റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്ന് യുവതി

രാഹുലിന് കൂടുതല്‍ കുരുക്കായി  മറ്റൊരു പീഡന പരാതി കൂടി; ഹോംസ്‌റ്റേയിലെത്തിച്ച്  പീഡിപ്പിച്ചെന്ന് യുവതി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ മറ്റൊരു പീഡന പരാതി കൂടി. കോണ്‍ഗ്രസ് നേതൃത്വത്തിനാണ് ഇരുപത്തിമൂന്നുകാരി പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട, കേരളത്തിന് പുറത്ത് താമസിക്കുന്ന യുവതിയെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ഹോംസ്‌റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവര്‍ക്കാണ് ഇമെയില്‍ വഴി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചെന്നും ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടെന്നും യുവതി പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയാകണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നോട് ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്.

'2023 ലാണ് രാഹുലിനെ പരിചയപ്പെടുന്നത്. ടെലിഗ്രാം നമ്പര്‍ വാങ്ങി അതുവഴിയായിരുന്നു ചാറ്റിങ്. ബന്ധുക്കളുമായി വീട്ടിലെത്തി വിവാഹത്തെക്കുറിച്ച് രാഹുല്‍ സംസാരിച്ചിരുന്നു. ഇടയ്ക്ക് നാട്ടിലെത്തിയപ്പോള്‍ കാണാന്‍ വന്നു. രാഹുലും ഒരു സുഹൃത്തുമാണ് അന്ന് വന്നത്. തുടര്‍ന്ന് കാറില്‍ കയറ്റി ഹോം സ്റ്റേയില്‍ എത്തിക്കുകയും അവിടെ വച്ച് ക്രൂരമായി പീഡിപ്പിക്കുകയും ആയിരുന്നു.

പിന്നീട് വിവാഹം കഴിക്കാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. എന്നിട്ടും ചാറ്റ് ചെയ്യുന്നത് തുടര്‍ന്നു. നിന്നെ എനിക്ക് ഗര്‍ഭിണിയാക്കണമെന്നാണ് രാഹുല്‍ ആവര്‍ത്തിച്ച് പറഞ്ഞത്. ശേഷവും പലതവണ അതിക്രമം നടത്താന്‍ ശ്രമിച്ചു'- പരാതിയില്‍ പറയുന്നു.  പരാതി കിട്ടിയതായി പാര്‍ട്ടി നേതൃത്വം സ്ഥിരീകരിച്ചു. നിയമപരമായി തുടര്‍നടപടി സ്വീകരിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.