രാജ്യം വിട്ടത് സൈനിക മേധാവിയായി ജനറല്‍ അസിം മുനീര്‍ സിഡിഎഫ് പദവി ഏറ്റെടുക്കുന്ന വിജ്ഞാപനം പുറത്ത് വരാനിരിക്കെ
ഇസ്ലമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി ജനറല്‍ അസിം മുനീര്‍ സിഡിഎഫ് (ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സ്) പദവി ഏറ്റെടുക്കുന്ന വിജ്ഞാപനം പുറത്തുവരാനിരിക്കെയാണ് ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടത്.
ഷെഹ്ബാസ് ആദ്യം ബഹ്റിനിലേക്കും പിന്നീട് ലണ്ടനിലേക്കും പോയതായി നാഷണല്‍ സെക്യൂരിറ്റി അഡ്‌വൈസറി ബോര്‍ഡ് മുന്‍ അംഗം തിലക് ദേവാഷര്‍ എഎന്‍ഐയോട് വെളിപ്പെടുത്തി. വിജ്ഞാപനത്തില്‍ ഒപ്പിടേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള മനപൂര്‍വമായ നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍.
നവംബര്‍ 29 ന് വിജ്ഞാപനം ഇറങ്ങേണ്ടിയിരുന്നെങ്കിലും അന്ന് അത് നടന്നില്ല. അതേസമയം അസിം മുനീറിന്റെ കരസേനാ മേധാവി കാലാവധി നവംബര്‍ 29 ന് അവസാനിക്കുകയും ചെയ്തു. ഇതോടെ പാകിസ്ഥാന് ഇപ്പോള്‍ ഔദ്യോഗിക സൈനിക മേധാവിയില്ല. ആണവായുധ നിയന്ത്രണത്തിനുള്ള നാഷണല്‍ കമാന്‍ഡ് അതോറിറ്റിയും നേതൃത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന അപൂര്‍വ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ആണവ ശേഷിയുള്ള രാജ്യത്തിന് ഇത്തരമൊരു ശൂന്യത അത്യന്തം അപകടകരമാണെന്ന് രാഷ്ട്രീയ-സുരക്ഷാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സിഡിഎഫ് പദവി നിയമപരമായി ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ പോലും നിയമ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
27-ാം ഭരണഘടനാ ഭേദഗതിയിലൂടെ സൃഷ്ടിച്ച സിഡിഎഫ് പദവി അസിം മുനീറിന് അഞ്ച് വര്‍ഷത്തേക്ക് നല്‍കാനാണ് വിജ്ഞാപനം. ഇതോടെ സൈനിക മേധാവിക്ക് സര്‍ക്കാരിനേക്കാള്‍ അധികാരം ലഭിക്കും. ഷെഹ്ബാസ് ഷെരീഫിന്റെ ഈ തന്ത്രപരമായ ഒഴിഞ്ഞുമാറല്‍ പാക്കിസ്ഥാന്‍ സൈന്യത്തിനകത്തും രാഷ്ട്രീയ മണ്ഡലങ്ങളിലും വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.