ന്യൂഡൽഹി: ബോംബെ അതിരൂപതയുടെ സഹായ മെത്രാനായി ഫാ. സ്റ്റീഫൻ ഫെർണാണ്ടസിനെ നിയമിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഫാ. ഫെർണാണ്ടസ് ഇന്ത്യയിലെയും നേപ്പാളിലെയും അപ്പൊസ്തോലിക് ന്യൂൺഷോ ആയ ആർച്ച് ബിഷപ്പ് ലിയോപ്പോൾഡോ ഗിരെല്ലിയുടെ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
1961 സെപ്റ്റംബർ 20 ന് ജനിച്ച ഫാ. ഫെർണാണ്ടസ് 1990 മാർച്ച് 31ന് ബോംബേ അതിരൂപതയ്ക്ക വേണ്ടി പുരോഹിതനായി അഭിഷിക്തനായി. പ്രാരംഭ വിദ്യാഭ്യാസം ദാദറിലെ ഹൈസ്‌കൂളിലും മാടുങ്കയിലെ ഡോൺ ബോസ്കോ ഹൈസ്‌കൂളിലും പൂർത്തിയാക്കി. 2000 ൽ അദേഹം റോമിലെ അക്കാദെമിയ അൽഫോൻസിയാനയിൽ നിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടി.
ഫാ. ഫെർണാണ്ടസ് നിരവധി പാസ്റ്ററൽ, അക്കാദമിക്, സഭാ ഉത്തരവാദിത്തങ്ങൾ വഹിച്ചു. 2000 മുതൽ 2018 വരെ മുംബൈയിൽ നൈതിക തത്വശാസ്ത്രവും സഭാ രേഖകളും പാത്രോളജിയും ബോധ്യപ്പെടുത്തുന്ന പ്രൊഫസറായും പിന്നീട് വിസിറ്റിങ് പ്രൊഫസറായും സേവനം ചെയ്തു.
സഹായ മെത്രാനായി നിയമിതനായ ഫാ. സ്റ്റീഫൻ ഫെർണാണ്ടസിന് ആശംസകളും പ്രാർത്ഥനകളും നേരുന്നതായി സിസബിഐ ജനറൽ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.