വത്തിക്കാൻ സിറ്റി: റോമിലെ കാംപിത്തെല്ലിയിൽ “പൂമുഖനാഥ” (Santa Maria in Portico ) എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയെ മാർപാപ്പമാർ വണങ്ങുന്നതിന്റെ 1500 വർഷാഘോഷം നടന്നു. പ്രത്യാശയുടെയും ആശ്വാസത്തിന്റെയും അടയാളമായി പരിശുദ്ധ അമ്മയെ കാണാൻ വിശ്വാസികളോട് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്‌തു.
ഇന്നത്തെ ലോകം കടന്നുപോകേണ്ടിവരുന്ന ഈയവസരത്തിൽ നമുക്കെങ്ങനെയാണ് സമാധാനത്തിനായി ശ്രമിക്കാതെയും പ്രാർഥിക്കാതെയും ഇരിക്കാനാകുക എന്ന് പാപ്പ ചോദിച്ചു. പൂമുഖനാഥ എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ കന്യകാമാതാവിന്റെ ഈ ജൂബിലി ആഘോഷാവസരത്തിൽ “പരിശുദ്ധ ദൈവമാതാവിന്റെ വൈദികരുടെ സഭ”യോട് പ്രാർഥനയിൽ ഒന്നുചേരുന്നതിലുള്ള സന്തോഷവും ഫ്രാൻസിസ് പാപ്പ സന്ദേശത്തിൽ അറിയിച്ചു.
റോമിലെ കാംപിത്തെല്ലിയിൽ 524 ജൂലൈ 17 ന് വിശുദ്ധ ജോൺ ഒന്നാമൻ പാപ്പയുടെ സാന്നിധ്യത്തിൽ പട്രീഷ്യ എന്ന വിശുദ്ധ ഗാല്ലായുടെ വീട്ടിൽ വച്ച് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടാണ് “പൂമുഖനാഥ” എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ തിരുനാൾ ആഘോഷിക്കപ്പെട്ട് തുടങ്ങിയതെന്ന് പാപ്പ പറഞ്ഞു. സഭയുടെ ഒരു വിഷമഘട്ടത്തിലാണ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതെന്ന് ഓർമ്മിപ്പിച്ച പാപ്പ ദർശന സമയത്ത് ജോൺ ഒന്നാമൻ പാപ്പയുടെ മേൽ പരിശുദ്ധ അമ്മ തന്റെ മേൽക്കുപ്പായം വിരിച്ചതും സമാധാനത്തിനായി ജോൺ ഒന്നാമൻ തന്റെ ജീവൻ ത്യാഗം ചെയ്തതും പാപ്പ പ്രത്യേകം പരാമർശിച്ചു.