കൊച്ചി: കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാറിനെ പിന്തുടര്‍ന്ന സംഘത്തിലെ രണ്ട് പേര് കസ്റ്റഡിയില്‍. മുക്കം സ്വദേശികളായ ജസീം, തൻസീം എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. ഇരുവരേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
അബ്ദുള്‍ ഗഫൂര്‍ എന്നയാളാണ് പോലീസ് പിടിച്ചെടുത്ത കാറിന്റെ ഉടമസ്ഥൻ. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. വാഹനത്തിൽ പിന്തുടരുകയും യാത്ര തടസ്സപ്പെടുത്തുകയും ചെയ്തതിന് കൊണ്ടോട്ടി പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച കല്‍പ്പറ്റയിലെ ഔദ്യോഗിക പരിപാടിക്ക് ശേഷം കൊച്ചിയിലേയ്ക്ക് മടങ്ങുന്ന വഴിയാണ് പ്രതികൾ കാറിലും ബൈക്കുകളിലുമായി സുമിത് കുമാറിനെ പിന്തുടര്ന്നത്. കൊടുവള്ളി മുതല്‍ എടവണ്ണപ്പാറ വരെയാണ് സംഘം കമ്മീഷണറെ പിന്തുടര്ന്നത്.
കമ്മീഷണറെയും ഡ്രൈവറെയും കൂടാതെ കമ്മീഷണറുടെ സെക്രട്ടറിയും സുരക്ഷാ ഉദ്യോഗസ്ഥനുമടക്കം നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളുടെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനാണ് സുമിത് കുമാര്‍.