ഫ്ലോറിഡ: തെക്കൻ അമേരിക്കയിൽ നാശം വിതച്ച് ഹെലൻ ചുഴലിക്കാറ്റ്. അഞ്ച് സംസ്ഥാനങ്ങളിലായി 64 പേർ കൊല്ലപ്പെട്ടതായാണ് വിവരം. നൂറ് കണക്കിന് വിമാന സർവീസുകൾ ചുഴലിക്കാറ്റിന് പിന്നാലെ റദ്ദാക്കി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ചുഴലികളിലൊന്നായി (കാറ്റഗറി 4) ഹെലൻ വ്യാഴം രാത്രിയാണ് ഫ്ലോറിഡയിൽ കരതൊട്ടത്.
മണിക്കൂറിൽ 225 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശി. കനത്ത മഴയും കാറ്റും നിരവധി കെട്ടിടങ്ങൾ തകർത്തു. വീശിയടിച്ച കൊടുങ്കാറ്റിൽ നിരവധി പേരാണ് ഒറ്റപ്പെട്ടുപോയത്. ചിലയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. ജോർജിയ, സൗത്ത് കാരലിന, സൗത്ത് കാരലിന, ടെന്നസീ, വെർജീനിയ സംസ്ഥാനങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജോർജിയയിലെ അറ്റ്‌ലാന്റ നഗരത്തിൽ ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പ് നല്‍കി.
വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ പലരും വീടുകളിലേക്ക് മടങ്ങിയെത്തി വൃത്തിയാക്കൽ ആരംഭിച്ചു കഴിഞ്ഞു. ദശലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി ബന്ധം നഷ്ടമായി. കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടം കോടിക്കണക്കിന് ഡോളറായി ഉയരുമെന്ന് ഇൻഷുറർൻസ് കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും പറയുന്നു. മൊത്തം നാശനഷ്ടങ്ങളും സാമ്പത്തിക നഷ്ടവും സംബന്ധിച്ച അക്യുവെതറിൻ്റെ പ്രാഥമിക കണക്ക് 95 ബില്യൺ ഡോളറിനും 110 ബില്യൺ ഡോളറിനും ഇടയിലാണ്. ഹെലൻ്റെ നാശം അതിവ്യാപകമാണെന്നും സഹായം ഉറപ്പുനൽകുന്നു എന്നും പ്രസിഡൻ്റ് ജോ ബൈഡൻ അറിയിച്ചു.