വാഷിങ്ടണ്‍: റഷ്യക്കെതിരായ ഉപരോധ നിര്‍ദേശം ലംഘിച്ച 19 ഇന്ത്യന്‍ കമ്പനികളടക്കം 400 കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക.
ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന രീതിയില്‍ ഇടപെട്ടുവെന്നാണ് അമേരിക്കയുടെ ആരോപണം. 12 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്കെതിരെയാണ് യു.എസ് ട്രഷറി, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ നടപടി സ്വീകരിച്ചത്.
2023 മാര്‍ച്ചിനും 2024 മാര്‍ച്ചിനും ഇടയില്‍ റഷ്യ ആസ്ഥാനമായുള്ള കമ്പനികള്‍ക്ക് 700 ലധികം ഷിപ്പ്മെന്റുകള്‍ അയച്ച അസെന്‍ഡ് ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് വിലക്ക് നേരിട്ട കമ്പനികളിലൊന്ന്. മാസ്‌ക് ട്രാന്‍സ്, ടിഎസ്എംഡി ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്, മൈക്രോ ഇലക്ട്രോണിക് എന്നവയാണ് വിലക്കേര്‍പ്പെടുത്തപ്പെട്ട മറ്റ് കമ്പനികളില്‍ പ്രമുഖര്‍.
റഷ്യയെ സഹായിക്കുന്ന എല്ലാ കമ്പനികള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2023 ജൂണ്‍ മുതല്‍ 2024 ഏപ്രില്‍ വരെ റഷ്യ ആസ്ഥാനമായുള്ള എസ് 7 എന്‍ജിനീയറിങ് എല്‍എല്‍സിക്ക് ഏവിയേഷന്‍ ഘടകങ്ങള്‍ പോലുള്ള 3,00,000 ഡോളറിലധികം മൂല്യമുള്ള സിഎച്ച്പിഎല്‍ ഇനങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് മാസ്‌ക് ട്രാന്‍സിനെ വിലക്കിയത്.
ഡസന്‍ കണക്കിന് ചൈനീസ്, ഹോങ്കോങ്, ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള ഉപരോധം ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ, തുര്‍ക്കി, തായ്ലന്‍ഡ്, മലേഷ്യ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
റഷ്യക്കെതിരായ ആഗോള ഉപരോധം ലംഘിക്കുന്ന ഏതൊരു ഇന്ത്യന്‍ കമ്പനിയും യൂറോപ്പിലെയും അമേരിക്കയിലെയും അവരുടെ ആഗോള സഖ്യകക്ഷികളുമായി വ്യാപാരം നടത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ അഭിമുഖീകരിക്കുന്ന ഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്ന് യു.എസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.