ആലപ്പുഴ: ഇരുപത്തിരണ്ട് മണിക്കൂര്‍ പിന്നിട്ട് വി.എസിന്റെ ഭൗതിക ശരീരവുമായുള്ള വിലാപയാത്ര ജനസാഗരത്തിന് നടുവിലൂടെ പുന്നപ്രയിലെ വേലിക്കകത്തെ വീട്ടിലെത്തി. അവിടെ പൊതുദര്‍ശനം തുടരുകയാണ്. ആയിരക്കണക്കിനാളുകളാണ് വേലിക്കകത്ത് വീട്ടിലും അദ്ദേഹത്തെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തുന്നത്.
തിരുവനന്തപുരം മുതലുള്ള പാതയോരങ്ങളിലെല്ലാം നിറ കണ്ണുകളുമായി നെഞ്ചിടറി വി.എസിനായി ജനക്കൂട്ടം കാത്തു നില്‍ക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരും അല്ലാത്തവരുമായ നിരവധി പേര്‍ ആലപ്പുഴയില്‍ എത്തിയിട്ടുണ്ട്.
കാസര്‍കോട് കണ്ണൂര്‍ അടക്കമുള്ള വടക്കന്‍ ജില്ലകളില്‍നിന്ന് പ്രവര്‍ത്തകര്‍ രാത്രി തന്നെ ആലപ്പുഴയിലെത്തി. അഞ്ചുമണിയോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നിശ്ചയിച്ച സമയക്രമത്തിലൊക്കെ യ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു