തിരുവനന്തപുരം: ആത്മകഥാ വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനോട് പാര്‍ട്ടി വിശദീകരണം തേടിയേക്കും. നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ജയരാജന്‍ പങ്കെടുക്കുമോ എന്നത് നിര്‍ണായകമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം അദേഹം യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
വിവാദമായതോടെ ഇ.പിയുടെ വാദം വിശ്വസിക്കുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ സിപിഎമ്മിനെ രാഷ്ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തില്‍ ആക്കുന്നതാണ് ഇ.പി ജയരാജന്റെ ആത്മകഥ. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യാനാണ് സാധ്യത.
അതിനിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്ട് എത്തി ഡോ. പി. സരിന് വേണ്ടി പ്രചാരണം നടത്തും. ആത്മകഥയില്‍ സരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിട്ടുണ്ട്. പി. സരിന്‍ അവസരവാദിയാണ് എന്നാണ് ഇ പിയുടേതെന്ന പേരില്‍ പുറത്തുവന്ന ആത്മകഥയിലെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് അദേഹം പാലക്കാട് പ്രചാരണത്തിനെത്തുന്നത്. പുസ്തകത്തിന്റെ ഉള്ളടക്കം തള്ളിയ ഇ.പി ഡിജിക്ക് പരാതി നല്‍കിയിട്ടുണ്ട്.