തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് സമ്മര്‍ദമേറുന്നു. രാഹുല്‍ രാജിവയ്ക്കുന്നതാണ് ഉചിതം എന്നാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ തിടുക്കപ്പെട്ട തീരുമാനം വേണ്ടെന്ന് നിലപാടും ഒരുവശത്തുണ്ട്.
മുതിര്‍ന്ന നേതാക്കളാരും രാഹുലിന് പ്രതിരോധം തീര്‍ക്കാന്‍ രംഗത്തെത്താത്തതും രാജി അഭ്യൂഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചാല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് രാജിയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ വാദം. പ്രതിസന്ധിയെ പ്രതിരോധിക്കാനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കാനും ഈ നടപടിക്ക് കഴിയും. രാജി അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഹൈക്കമാന്‍ഡിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിഷയത്തില്‍ സംസ്ഥാന തലത്തില്‍ തീരുമാനം എടുക്കാനായിരിക്കും എഐസിസി നിര്‍ദേശിക്കുക. രാജിയുള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷി എന്നിവര്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം തേടിയിട്ടുമുണ്ട്.
അതേസമയം മാധ്യമ വാര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ക്കും അപ്പുറം ഒരു പരാതി പോലും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യമില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിട്ടുണ്ട്. പാര്‍ട്ടി തലത്തിലുള്ള ഈ നീക്കം തന്നെ ധാരാളമാണെന്നാണ് ഇവരുടെ വാദം. വടകരയില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കെപിസിസി വര്‍ക്കിങ് പ്രസിഡന്റും എംപിയുമായി ഷാഫി പറമ്പിലും ഈ നിലപാടാണ് സ്വീകരിച്ചത്.