'ധാര്‍മികതയ്ക്ക് എന്തെങ്കിലും അര്‍ഥമുണ്ടാകണം, പ്രധാനമന്ത്രിയും പൗരന്‍ സംരക്ഷണം വേണ്ട': ബില്ലില്‍ ഇളവ് വേണ്ടെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി

 'ധാര്‍മികതയ്ക്ക് എന്തെങ്കിലും അര്‍ഥമുണ്ടാകണം, പ്രധാനമന്ത്രിയും പൗരന്‍ സംരക്ഷണം വേണ്ട': ബില്ലില്‍ ഇളവ് വേണ്ടെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ക്രിമിനല്‍ കുറ്റങ്ങളില്‍പ്പെടുന്ന മന്ത്രിമാരെ പുറത്താക്കാന്‍ ആവശ്യപ്പെടുന്ന നിര്‍ദിഷ്ട ബില്ലില്‍ തനിക്ക് ഇളവ് വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു.

ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ തുടര്‍ച്ചയായി 30 ദിവസം കസ്റ്റഡിയില്‍ കഴിയുന്ന പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുറത്താക്കാന്‍ ആവശ്യപ്പെടുന്ന നിര്‍ദിഷ്ട ബില്ലിലാണ് തനിക്കും ഇളവ് നല്‍കരുതെന്ന് മോഡി ആവശ്യപ്പെട്ടതെന്ന് റിജിജു വ്യക്തമാക്കി. ബില്ലുമായി ബന്ധപ്പെട്ട് നടന്ന മന്ത്രിസഭാ ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയെ ഈ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി മോഡി അത് നിരസിച്ചുവെന്ന് റിജിജു വ്യക്തമാക്കി.

പ്രധാനമന്ത്രിയെ ഈ ബില്ലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ശുപാര്‍ശയെന്ന് മന്ത്രിസഭ മോഡിയെ അറിയിച്ചു. പക്ഷെ അദേഹം അത് അംഗീകരിച്ചില്ല. പ്രധാനമന്ത്രിക്ക് ഒരു ഇളവ് നല്‍കുന്നതില്‍ അദേഹം വിസമ്മതിച്ചു. പ്രധാനമന്ത്രിയും ഒരു പൗരനാണ് അദേഹത്തിന് പ്രത്യേക സംരക്ഷണം നല്‍കേണ്ടതില്ല. മിക്ക മുഖ്യമന്ത്രിമാരും നമ്മുടെ പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്.

നമ്മുടെ ആളുകള്‍ തെറ്റുകള്‍ വരുത്തിയാല്‍ അവര്‍ സ്ഥാനങ്ങള്‍ രാജിവെയ്ക്കണം. ധാര്‍മികതയ്ക്കും എന്തെങ്കിലും അര്‍ഥമുണ്ടാകണമെന്ന് മോഡി പറഞ്ഞതായി റിജിജു അറിയിച്ചു. അഞ്ച് കൊല്ലമോ അതില്‍ക്കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏത് മന്ത്രിയെയും നീക്കം ചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന 130-ാം ഭരണഘടന ഭേദഗതി ബില്ലാണിത്. ഇതിനായി പ്രധാനമന്ത്രി അല്ലെങ്കില്‍ മുഖ്യമന്ത്രി 31-ാം ദിവസം രാഷ്ട്രപതിയോടോ ഗവര്‍ണറോടോ ശുപാര്‍ശ ചെയ്യണം.

ശുപാര്‍ശ ചെയ്തില്ലെങ്കിലും തൊട്ടടുത്ത ദിവസം സ്ഥാനം നഷ്ടപ്പെടും. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആണ് അറസ്റ്റിലാവുന്നതെങ്കിലും ഇത് തന്നെയാണ് രീതി. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കില്‍ മാത്രമാണ് ഈ നിയമം ബാധകമാവുക.

പ്രതിപക്ഷം ലോക്‌സഭയില്‍ ബില്ലിന്റെ പകര്‍പ്പ് കീറിയെറിയുകയും ബില്ലിന്മേല്‍ അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. പിന്നീട് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)ക്ക് വിട്ടു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേനളനത്തില്‍ ജെപിസി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.