നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; കണ്ണൂരില്‍ രണ്ട് മരണം, 14 പേര്‍ക്ക് പരിക്ക്

നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; കണ്ണൂരില്‍ രണ്ട് മരണം, 14 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കേളകത്ത് നാടക സംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കായംകുളം ദേവ കമ്യൂണിക്കേഷന്‍സ് നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32) കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. 14 പേര്‍ക്ക് പരിക്കേറ്റു.

ഉമേഷ് (39), ബിന്ദു (56), ചെല്ലപ്പന്‍ (43) സുരേഷ് (60), വിജയകുമാര്‍ (52), ഷിബു (48), ഉണ്ണി (51), ശ്യാം (38), സുഭാഷ് (59) എന്നിവരാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ഇന്ന് പുലര്‍ച്ചെ കേളകം മലയാമ്പാടി റോഡിലെ എസ് വളവില്‍വച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചനകള്‍. വയനാട്ടിലെ ബത്തേരിയിലേക്ക് പോകുകയായിരുന്നു സംഘം.

നെടുംപൊയില്‍ വാടി റോഡില്‍ പേര്യ ചുരത്തില്‍ എത്തിയപ്പോള്‍ വഴി ബ്ലോക്കാണെന്ന് അറിഞ്ഞ് കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍ റോഡിലേക്ക് പോകുന്നതിനാണ് എളുപ്പവഴിയിലൂടെ സംഘം കേളകത്തേക്ക് പോയത്. ഒരു കിലോമീറ്ററോളമുള്ള കുത്തനെയുള്ള ഇറക്കം ഇറങ്ങി മലയാം പടിയിലെത്തിയ ശേഷം ചെറിയ ഇറക്കത്തിലെ വളവില്‍ എത്തിയപ്പോള്‍ ആണ് അപകടം സംഭവിച്ചത്. വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുന്നവരാണ് മരണപ്പെട്ടത്.

താഴെയുള്ള കുഴിയിലേക്ക് മുന്‍ഭാഗം കുത്തി വീണ വാഹനം ചെറിയൊരു മരത്തില്‍ തങ്ങിയാണ് നിന്നത്. വാഹനം മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.