മസ്‌കറ്റ്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, രാഷ്ട്രശില്പിയുമായ ജവഹർലാൽ നെഹ്‌റുവിന്റെ 135 - മത് ജന്മദിനം ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി ആഘോഷിച്ചു.
നെഹ്രുവിയൻ സ്വപ്‌നകാലത്തേക്ക് തിരിച്ചുപോകാനാകാത്ത വിധം നവ ഭാരതം മാറിയെന്നും, വിശ്വമാനവികതയെ തിരിച്ചു പിടിക്കാനുള്ള ശ്രമം തുടരണമെന്നാണ് നെഹ്രുവിന്റെ ഓരോ ജന്മദിനവും ഓര്മിപ്പിക്കുന്നതെന്നു അധ്യക്ഷ പ്രസംഗത്തിൽ നാഷണൽ കമ്മിറ്റി പ്രസിഡന്റ് അനീഷ് കടവിൽ പറഞ്ഞു. ഭാവിയുടെ പ്രതീക്ഷകളായ കുരുന്നുകളെ കൈപിടിച്ചുയർത്താനുള്ള ആലോചനയുടെ ദിനംകൂടിയാണിതെന്നും കൂട്ടിച്ചേർത്തു.
ജവഹർലാൽ നെഹ്‌റുവിൻറെ ദീർഘവീക്ഷണം മൂലം കാലാകാലങ്ങളായി രാജ്യത്തിനുണ്ടായിക്കൊണ്ടിരിക്കുന്ന അഭിവൃദ്ധിടെയും നേട്ടങ്ങളുടെയും കണക്കുകൾ മുതിർന്ന നേതാക്കളായ ഹൈദ്രോസ് പദുവന, നസീർ തിരുവത്ര ,ഹംസ അത്തോളി, മോഹൻകുമാർ എന്നിവർ തങ്ങളുടെ പ്രഭാഷണങ്ങളിൽ എടുത്തുപറഞ്ഞു.
പണ്ഡിറ്റ് നെഹ്‌റുവിനെപ്പോലെ ക്രാന്ത ദർശിയായ ഒരു നേതാവിന്റെ അഭാവം ഇന്ന് ഇന്ത്യയിൽ പ്രകടമാണ് എന്ന് സ്വാഗത പ്രസംഗത്തിൽ ജന. സെക്രട്ടറി ജിജോ കടന്തോത്തോട്ടു അഭിപ്രായപ്പെട്ടു. യോഗത്തിന് ട്രെഷറർ സതീഷ് പട്ടുവം നന്ദി പറഞ്ഞു.