ന്യൂഡല്‍ഹി: നിരവധി സാധനങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷകള്‍ക്കിടെ, ജിഎസ്ടി സ്ലാബുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കമാകും. രണ്ട് ദിവസമായി നടക്കുന്ന യോഗത്തില്‍ നിലവിലെ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നി നികുതി സ്ലാബുകള്‍ക്ക് പകരം അഞ്ച് ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടു സ്ലാബുകള്‍ മാത്രമായി നികുതി പരിഷ്‌കരിക്കണമെന്ന മന്ത്രിതല ഉപസമിതിയുടെ ശുപാര്‍ശ യോഗം പരിഗണിക്കും.
ധനമന്ത്രി നിര്‍മല സീതാരാമന്‍ യോഗത്തിന് അധ്യക്ഷത വഹിക്കും. ചെറിയ കാറുകള്‍, സിമന്റ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്നാണ് സൂചന. മെഡിക്കല്‍ ഇന്‍ഷൂറന്‍സിനും ടേം ഇന്‍ഷുറന്‍സിനുമുള്ള ജിഎസ്ടി പൂര്‍ണമായി എടുത്തുകളയണമെന്ന നിര്‍ദേശവും കൗണ്‍സില്‍ പരിഗണിക്കാനിടയുണ്ട്. ഇതെല്ലാം സാധാരണക്കാര്‍ക്ക് നികുതി ഭാരം കുറയ്ക്കുന്നതാകും.
കേരളം അടക്കമുള്ള പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങള്‍ വരുമാന നഷ്ടം നികത്താതെ നികുതി കുറയ്ക്കല്‍ തീരുമാനങ്ങള്‍ എടുക്കരുതെന്ന് യോഗത്തില്‍ ശക്തമായി വാദിക്കും. സംസ്ഥാനങ്ങളുടെ ധനകാര്യ സ്ഥിതി കണക്കിലെടുത്ത് ജിഎസ്ടി പരിഷ്‌കരണങ്ങള്‍ വേണമെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്.