കൊച്ചി: മുനമ്പവും തളിപ്പറമ്പും ഉള്‍പ്പെടെ ഏക്കറ് കണക്കിന് ഭൂമിക്ക് അവകാശവാദം ഉന്നയിക്കുന്ന വഖ്ഫ് ബോര്‍ഡിന് ആകെയുളളത് 45.30 സെന്റ് സ്ഥലമെന്ന് വിവരാവകാശ മറുപടി. വിവരാവകാശ പ്രവര്‍ത്തകനായ കൊച്ചി വാഴക്കാല സ്വദേശി എം.കെ ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് വഖഫ് ബോര്‍ഡ് ആസ്തി സ്വത്ത് വിവരങ്ങള്‍ കൈമാറിയത്.
സംസ്ഥാനത്തെ ഏക്കറ് കണക്കിന് ഭൂമി അന്യാധീനപ്പെടുത്താന്‍ ശ്രമിക്കുന്ന വഖ്ഫ് ബോര്‍ഡിന് ആകെയുള്ളത് 45.30 സെന്റ് സ്ഥലമാണെന്ന മറുപടി വിചിത്രമാണെന്ന് എം.കെ ഹരിദാസ് പറയുന്നു. വഖ്ഫ് ബോര്‍ഡിന്റെ ആസ്തി 2023 മാര്‍ച്ച് 31 ന് തയ്യാറാക്കിയ ബാലന്‍സ് ഷീറ്റ് പ്രകാരം 8,07,63,339 കോടി രൂപയാണെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 27.28 കോടിയുടെ സാമ്പത്തിക സഹായം എല്‍ഡിഎഫ് സര്‍ക്കാര്‍ വഖ്ഫ് ബോര്‍ഡിന് നല്‍കിയതായും എം.കെ ഹരിദാസ് പറയുന്നു.
വഖ്ഫിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന കലൂരിലെ 9.150 സെന്റ് സ്ഥലവും കോഴിക്കോട് ഓഫീസിന് വേണ്ടി കണ്ടെത്തിയ 24.45 സെന്റ് സ്ഥലവും വഖ്ഫ് ബോര്‍ഡ് വക ബ്രോഡ്വേയിലുള്ള 11.700 സെന്റ് സ്ഥലവുമാണ് ആകെയുള്ളത്. വിവരാവകാശ രേഖകള്‍ പ്രകാരം ലഭിക്കുന്ന മറുപടി ഇതാണെങ്കിലും മറുഭാഗത്ത് വഖ്ഫ് ബോര്‍ഡ് കേരളത്തിലെ പല സ്ഥലങ്ങളിലും അവകാശവാദം ഉന്നയിച്ച് മുന്‍പോട്ട് വരികയാണെന്ന് ഹരിദാസ് ചൂണ്ടിക്കാട്ടി. ഇത് ദുരൂഹമാണെന്നും അദേഹം ആരോപിക്കുന്നു.
വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് 446 കേസുകള്‍ നടന്നുവരികയാണെന്നും മറുപടിയില്‍ പറയുന്നു. ഇവയുടെ മതിപ്പുവില കണക്കാക്കിയിട്ടില്ലെന്നും വിവരാവകാശ മറുപടിയിലുണ്ട്. വഖ്ഫ് സ്ഥാപനങ്ങളുടെ നിയന്ത്രണം, മേല്‍നോട്ടം എന്നിവയും, വഖ്ഫ് വസ്തുക്കളുടെ സംരക്ഷണവുമാണ് ബോര്‍ഡിന്റെ പ്രവര്‍ത്തന ഉദ്ദേശങ്ങളെന്നാണ് കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് മുഖ്യ കാര്യാലയത്തില്‍ നിന്നുള്ള മറുപടി.
മുനമ്പത്ത് വഖ്ഫ് അധിനിവേശത്തിനെതിരെ 600 ലധികം കുടുംബങ്ങള്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെയാണ് സംഭവം പൊതു സമൂഹത്തില്‍ ചര്‍ച്ചയായത്. കേന്ദ്രസര്‍ക്കാര്‍ വഖ്ഫ് ഭേദഗതി ബില്ല് അവതരിപ്പിച്ചതിന് പിന്നാലെയാണ് മുനമ്പത്തെ ജനങ്ങള്‍ സ്വന്തം ഭൂമിക്കായുളള അവകാശ സമരത്തിന് ഇറങ്ങിയത്.