കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹര്‍ത്താലില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നല്‍കിയത് സിപിഎം ആണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. കൂടുതല്‍ പൊലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ലെന്നും സിപിഎം നടത്തിയത് കണ്ണൂര്‍ മോഡല്‍ ആക്രമണമാണെന്നും നേതാക്കള്‍ പറഞ്ഞു.
പൊലീസിനും സാഹകരണ വകുപ്പിനുമെതിരെ കോടതിയെ സമീപിക്കുമെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജയിച്ചാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പു റദ്ദാക്കണം എന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.