പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പാലക്കാട് ഇരട്ട വോട്ട് വിവാദം വീണ്ടും ശക്തമാകുന്നു. ഇരട്ട വോട്ടുള്ളവരുടെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നിലനിര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര വ്യക്തമാക്കി.
ഇരട്ട വോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഫോട്ടോ പകര്‍ത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്പില്‍ ഈ ചിത്രം അപ്ലോഡ് ചെയ്യുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സത്യവാങ്മൂലം എഴുതി വാങ്ങും. മറ്റേതെങ്കിലും ബൂത്തില്‍ വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കും.
പാലക്കാടിന് പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തില്‍ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയില്‍ നിലനിര്‍ത്തും. ഇവരുടെ മറ്റു മണ്ഡലത്തിലെ വോട്ട് ഒഴിവാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
അതേസമയം തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇരട്ട വോട്ടില്‍ നിയമ പോരാട്ടം നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. കോടതിയിലേക്ക് നീങ്ങാനാണ് സിപിഎം തീരുമാനം.
എന്നാല്‍ ബിഎല്‍ഒമാരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് കുറ്റപ്പെടുത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സിപിഎം ഇപ്പോള്‍ വിലപിച്ചിട്ട് എന്താണ് കാര്യമെന്നും ചോദിച്ചു.
അതേസമയം സിപിഎം കോടതിയെ സമീപിക്കുന്നതില്‍ ആത്മാര്‍ത്ഥത ഇല്ലെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇരട്ട വോട്ടുകള്‍ യുഡിഎഫ് ചേര്‍ത്തത് സര്‍ക്കാര്‍ സഹായത്തോടെയാണ്. അത് അടിത്തറ തകര്‍ത്തെന്ന് സിപിഎം തിരിച്ചറിയാന്‍ വൈകി.
ഇരട്ട വോട്ടുകള്‍ പോളിങ് ദിനം ചലഞ്ച് ചെയ്യും. ചലഞ്ചിങ് വോട്ടുകള്‍ക്ക് അപ്പുറത്തുള്ള ഭൂരിപക്ഷം ബിജെപിക്ക് കിട്ടുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ ഇരട്ട വോട്ടില്‍ ആദ്യം പരാതി ഉന്നയിച്ചത് തങ്ങളാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.