പാലക്കാട്: ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ ലക്ഷ്യമാക്കി ഇടത് മുന്നണി പാലക്കാട്ട് സുന്നി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യം വിവാദത്തില്‍.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസമാണ് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ഇരുസുന്നി വിഭാഗങ്ങളുടെയും മുഖപത്രങ്ങളായ സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍ സിപിഎമ്മിന്റെ പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ ഇത്തരമൊരു പരസ്യം നല്‍കിയിട്ടുമില്ല.
പാലക്കാട് നിയമസഭ മണ്ഡലത്തിലെ 20 ശതമാനത്തോളം മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് ഇത്തരമൊരു പരസ്യം നല്‍കിയത്. ബിജെപി മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും വക്താവുമായ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ പത്രപരസ്യമായി നല്‍കിയാണ് വോട്ടെടുപ്പിന്റെ തലേദിവസം എല്‍ഡി എഫിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'. 'ഈ വിഷ നാവിനെ സ്വീകരിക്കുകയോ കഷ്ടം' എന്ന തലക്കെട്ടിലാണ് സന്ദീപ് വാര്യരുടെ ചിത്രം നല്‍കിയുള്ള പരസ്യം.
ഒറ്റനോട്ടത്തില്‍ പരസ്യമെന്ന് തിരിച്ചറിയാത്ത രീതിയില്‍ പത്രത്തിന്റെ ഉള്ളടക്കമെന്ന് തോന്നിക്കുന്ന വിധം അഡ്വറ്റോറിയലായാണ് ഇതുള്ളത്. സന്ദീപിന്റെ പഴയ പല വിവാദ പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളിച്ച് 'സരിന്‍ തരംഗം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരസ്യം കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നു.
ഈ പത്ര പരസ്യം സിപിഎമ്മിന്റെ ഗതികേടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം.പി പറഞ്ഞു. സന്ദീപിനെ സ്വീകരിക്കാന്‍ നിന്നവര്‍ ഇപ്പോള്‍ വര്‍ഗീയതയെ കുറിച്ച് പറയുകയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് കണ്ടത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വേര്‍ഷനാണെന്ന് ഷാഫി പറമ്പില്‍ എം.പി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമീഷന്‍ എങ്ങനെയാണ് ഇതിനു അനുമതി കൊടുത്തത്? ബിജെപി ഈ പരസ്യം കൊടുത്താല്‍ മനസിലാക്കാം. പത്രത്തിന്റെ കോപ്പി എം.ബി രാജേഷിന്റെ വീട്ടിലും എ.കെ. ബാലന്റെ വീട്ടിലും എത്തിക്കണം. സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആണെന്ന് പറഞ്ഞത് ആരാണെന്നും ഷാഫി ചോദിച്ചു.