പാലക്കാട്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ ബിജെപി, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. രാഹുല്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചുവെന്ന് ആരോപിച്ചാണ് തടഞ്ഞത്. പിന്നീട് ഇരുവിഭാഗത്തേയും പൊലീസ് അനുനയിപ്പിച്ച് സംഘര്‍ഷം ഒഴിവാക്കി.
എന്നാല്‍, ആരോപണം തള്ളി രാഹുല്‍ രംഗത്തെത്തി. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വന്നപ്പോള്‍ മൂന്ന് പാര്‍ട്ടിക്കാര്‍ക്കും യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ ഞാന്‍ വന്നപ്പോള്‍ ബിജെപിയുടെയും എല്‍ഡിഎഫിന്റേയും പ്രവര്‍ത്തകര്‍ സംയുക്തമായി പ്രതിരോധിക്കുന്നു. സ്ഥാനാര്‍ഥിക്ക് നില്‍ക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്.
'വോട്ടര്‍മാരെ പിരിച്ചു വിടാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത്. എന്നാല്‍, വോട്ടര്‍മാര്‍ പ്രബുദ്ധരായതുകൊണ്ട് അവര്‍ വോട്ടുചെയ്യാന്‍ തീരുമാനിച്ചു. ഇവിടെ വലിയ ക്യൂ അനുവഭപ്പെട്ടിരുന്നു. അസ്വസ്ഥതയും പരാജയഭീതിയുമാണ് ഇവര്‍ക്ക്. രാവിലെ മുതല്‍ എല്ലാ സ്ഥാനാര്‍ഥികളും എല്ലാ ബൂത്തിലും കയറുന്നുണ്ട്'- രാഹുല്‍ പറഞ്ഞു.
അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. താന്‍ ചെന്നപ്പോള്‍ ബിജെപിയുടെ ബൂത്ത് ഏജന്റ് ആദ്യം തര്‍ക്കം ഉന്നയിച്ചു. തൊട്ടുപിന്നാലെ സിപിഎം ബൂത്ത് ഏജന്റും പ്രശ്നമുണ്ടാക്കി. ആദ്യം ബൂത്തില്‍ കയറരുത് എന്ന് പറഞ്ഞു. പിന്നെ ബൂത്തില്‍ കയറി വോട്ട് ചോദിച്ചോയെന്ന് ക്യാമറ നോക്കുമ്പോള്‍ അറിയമല്ലോയെന്നും രാഹുല്‍ പറഞ്ഞു.