കോഴിക്കോട്: ട്രെയിനിടിച്ച് മരിച്ചത് മകളാണെന്ന് തെറ്റിദ്ധരിച്ച വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. വടകര പുതുപ്പണം ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. പാലോളിപ്പാലത്തെ ആക്കൂന്റവിട ഷര്‍മിളയാണ് ട്രെയിനിടിച്ച് മരിച്ചത്.
മരണ വീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. സമീപത്തൊന്നും ആരുമുണ്ടായിരുന്നില്ല. ലോക്കോ പൈലറ്റാണ് വിവരം വടകര റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചത്. തുടര്‍ന്ന് ആര്‍പിഎഫും നാട്ടുകാരും കൂടി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
റിട്ട. അധ്യാപകനായ കറുകയില്‍ കുറ്റിയില്‍ രാജനും ഇവിടെയെത്തിയിരുന്നു. ഇദേഹത്തിന്റെ മകളുടെ പേര് ഷര്‍മ്യയെന്നാണ്. മകള്‍ക്കാണോ അപകടം പറ്റിയതെന്ന പേടിയോടെയാണ് അദേഹം എത്തിയത്. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരിങ്ങല്‍ സ്‌കൂള്‍ റിട്ട. അധ്യാപകനാണ് രാജന്‍.
ഭാര്യ: ജയ. മക്കള്‍: ഷര്‍മ്യ, റിഞ്ചു.