തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്‌സ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങള്‍ വാട്‌സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്. കുട്ടികള്‍ക്ക് അവരുടെ പഠനകാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്‌സ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി ഗുണകരമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂര്‍ണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്‌കൂളുകളില്‍ ഇടവിട്ട് സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.
പഠന കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി കുട്ടികള്‍ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കളും പരാതി നല്‍കിയിരുന്നു.