ദുബായ് : യഹൂദ റബ്ബി സ്വി കോഗൻ യുഎഇയിൽ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. വ്യാഴാഴ്ച മുതൽ കാണാതായ കോഗൻ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നത്. കുറെ കാലമായി യുഎഇ കേന്ദ്രീകരിച്ചായിരുന്നു കോഗന്റെ പ്രവർത്തനം.
കൊലപാതവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കോഗൻ്റെ കൊലപാതകം യുഎഇയ്‌ക്കെതിരായ കുറ്റകൃത്യമാണെന്നും നമ്മുടെ മാതൃ രാജ്യത്തിനും മൂല്യങ്ങൾക്കും കാഴ്ചപ്പാടിനുമെതിരായ ആക്രമണം ആണെന്നും വാഷിംഗ്ടണിലെ യുഎഇ അംബാസഡർ യൂസഫ് അൽ ഒതൈബ പറഞ്ഞു. ഞങ്ങൾ സമാധാനപരമായ സഹവർത്തിത്വം സ്വീകരിക്കുന്നു. എല്ലാത്തരം തീവ്രവാദത്തെയും മതഭ്രാന്തിനെയും നിരസിക്കുന്നെന്നും അദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ പൗരന്മാരെയും താമസക്കാരെയും സന്ദർശകരെയും സുരക്ഷിതമായി നോക്കുമെന്ന് യുഎഇ ഊന്നിപ്പറഞ്ഞു. ഐക്യവും സമാധാനപരമായ സഹവർത്തിത്വവും നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള സന്നദ്ധത ഞങ്ങൾക്കുണ്ട്, സാമൂഹിക സ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന പ്രവൃത്തികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേ സമയം ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് ഇസ്രയേൽ ആരോപിച്ചു. ഇറാന്റെ പിന്തുണയോടെ ഉസ്ബക്കിസ്ഥാൻ പൗരൻമാരാണ് കൊലപാതകം നടത്തിയത്. ഇവർ തുർക്കിയിലേക്ക് കടന്നുവെന്നും ഇസ്രയേൽ ആരോപിക്കുന്നുണ്ട്. സ്വി കോഗൻ ഒരു ഇസ്രായേലി-മോൾഡോവൻ ആണെന്ന് മോൾഡോവ റിപ്പബ്ലിക്കിൻ്റെ വിദേശകാര്യ മന്ത്രാലയം തിരിച്ചറിഞ്ഞു.