തിരുവനന്തപുരം: ഇ.പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡിസി ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴിയെടുത്തതിന് പിന്നാലെ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഡിസി ബുക്സ്. ഇ.പിയുമായി കരാര്‍ ഉണ്ടായിരുന്നില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും ഡി.സി ബുക്സ് വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡിസി ബുക്സ് വിശദീകരണം നല്‍കിയിരിക്കുന്നത്.
പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഇപിയുമായി ധാരണയുണ്ടെന്ന സൂചനയാണ് പുതിയ വിശദീകരണത്തിലൂടെ ഡി.സി ബുക്സ് നല്‍കുന്നത്. പുസ്തക വിവാദത്തില്‍ മൊഴി നല്‍കി. ഡി.സി ബുക്സ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളുവെന്നും ഡി.സി ബുക്സ് വ്യക്തമാക്കി.
ഇ.പിയുമായി കരാര്‍ ഇല്ലെന്ന് രവി ഡി.സി മൊഴി നല്‍കിയെന്ന പൊലീസ് വിശദീകരണം സംബന്ധിച്ച വാര്‍ത്ത നിഷേധിച്ചുകൊണ്ടാണ് ഇപ്പോള്‍ ഡിസി ബുക്സ് വിശദീകരണവുമായി രംഗത്തെത്തിയത്. പ്രസിദ്ധീകരണത്തെക്കുറിച്ച് കരാറുണ്ടാക്കാന്‍ ധാരണിയിലെത്തിയിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുന്നോട്ട് പോയതെന്നും രവി ഡി.സി മൊഴി നല്‍കിയതായും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.
വിവാദത്തില്‍ ഇ.പി ജയരാജന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. തന്റെ ആത്മകഥയെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഡി.സി ബുക്സിനെതിരെ ജയരാജന്‍ നിയമനടപടി സ്വീകരിച്ചത്. ഇ.പിയുടെ പരാതിയിലാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നത്.