കോട്ടയം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ഡി.സി ബുക്സ്.
സംഭവത്തില്‍ പബ്ലിക്കേഷന്‍സ് വിഭാഗം മാനേജര്‍ എ.വി ശ്രീകുമാറിനെ ഡി.സി.ബുക്‌സ് സസ്പെന്‍ഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ ഇ.പി ജയരാജനുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് ഡി.സി ബുക്സ് ഉടമ രവി ഡി.സി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടേ ഡി.സി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂവെന്ന് ഡി.സി തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വിശദീകരണവും നല്‍കിയിരുന്നു.
ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കരാറില്ലെന്ന് രവി ഡി.സി മൊഴി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി ഇ.പി. ജയരാജന്‍ രംഗത്ത് വന്നിരുന്നു. കരാറില്ലെന്നത് സത്യസന്ധമായ കാര്യമാണെന്നും തനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആത്മകഥാ വിവാദം സൃഷ്ടിച്ചതെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് ഒരു ബോംബ് എന്നു പറഞ്ഞാണ് അത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയിലാണ് വാര്‍ത്ത ആദ്യം വന്നത്. പിന്നെ എല്ലാ ചാനലുകളിലും വാര്‍ത്തയായി. തനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. ആ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പോലീസിനോട് ആവശ്യപ്പെട്ടതെന്നും ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.