തൃശൂര്‍: നാട്ടികയില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന നാടോടി സംഘത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാഹനം ഓടിച്ചത് ലോറിയിലെ ക്ലീനറാണെന്നും ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നുമാണ് വിവരം. ക്ലീനര്‍ക്ക് ലോറി ഓടിക്കാനുള്ള ലൈസന്‍സും ഉണ്ടായിരുന്നില്ല. രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ണൂര്‍ ആലക്കോട് സ്വദേശികളായ ഏഴിയക്കുന്നില്‍ അലക്‌സ് (33), ചാമക്കാലച്ചിറ ജോസ് (54) എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. അലക്സ് ലോറിയിലെ ക്ലീനറാണ്. ജോസ് എന്നയാള്‍ വാഹനം ഓടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മദ്യലഹരിയിലായിരുന്നു. അതിനാലാണ് ക്ലീനറായ അലക്സ് ലോറി ഓടിച്ചത്. അലക്സും മദ്യപിച്ചിരുന്നു.
അതേസമയം അലക്സിന് ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല. രണ്ട് പേരെയും വലപ്പാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
മരിച്ച നാടോടി സംഘത്തില്‍പ്പെട്ടവര്‍ സ്ഥിരമായി പ്രദേശത്ത് താമസിക്കുന്നവരാണ്. അപകടമുണ്ടാക്കിയത് മരം കയറ്റിയ വന്ന ലോറിയാണെന്നും ഏകദേശം മൂന്നര ടണ്ണോളം ലോഡ് വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നുമാണ് വിവരം. റോഡില്‍ നാടോടി സംഘത്തിലുള്ളവരെല്ലാം നിരന്ന് കിടക്കുകയായിരുന്നു. അവര്‍ക്കിടയിലേക്കാണ് ഡിവൈഡര്‍ തകര്‍ത്ത് ലോറി പാഞ്ഞുകയറിയത്. റോഡില്‍ ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
ഇന്ന് പുലര്‍ച്ചെ 3:50 നാണ് പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികില്‍ ഉറങ്ങിക്കിടന്നിരുന്ന നാടോടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് തല്‍ക്ഷണം മരിച്ചത്. കാളിയപ്പന്‍(50),ബംഗാഴി(20), നാഗമ്മ(39), ജീവന്‍(4), വിശ്വ(1) എന്നിവരാണ് മരിച്ചത്.
കണ്ണൂരില്‍ നിന്ന് മരം കയറ്റി വന്ന ലോറിയാണ് ദേശീയ പാതയില്‍ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്.