ഹ്രസ്വ സന്ദർശനത്തിനായി യുഎഇയിലെത്തിയ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് ​ഗംഭീര സ്വീകരണം

ഹ്രസ്വ സന്ദർശനത്തിനായി യുഎഇയിലെത്തിയ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് ​ഗംഭീര സ്വീകരണം

അബുദാബി : ഹ്രസ്വ സന്ദർശനത്തിനായി യുഎഇയിലെത്തിയ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ​ഗംഭീര സ്വീകരണം. അബു​ദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മേജർ ആർച്ച് ബിഷപ്പിനെ ദക്ഷിണ അറേബ്യയുടെ അപ്പലസ്തൊലിക് വികാരി ബിഷപ് പൗലോ മാർട്ടിനെല്ലി, വികാരി ജനറൽ ഫാ. പി എം പീറ്റർ, ഫാ. ഡെറിക് ഡിസൂസ, ഫാ. ജോബി, യുഎഇ കത്തോലിക്ക കോൺഗ്രസ്, യുഎഇ മലയാളം കോ ഓർഡിനേഷൻ കമ്മിറ്റി, ദുബായ് സിറോ മലബാർ കമ്യൂണിറ്റി എന്നിവയുടെ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.

ഫാ. ഫ്രാൻസിസ് ഇലവത്തുങ്കൽ, ഫാ.മാത്യു തുരുത്തിപ്പള്ളി എന്നിവരും മേജർ ആർച്ച് ബിഷപ്പിനെ അനുഗമിക്കുന്നുണ്ട്. മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റ ശേഷം ആദ്യമായാണ് മാർ റാഫേൽ തട്ടിൽ യുഎഇയിൽ എത്തുന്നത്.

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മേജർ ആർച്ച് ബിഷപ് അബുദാബിയിലെ സെൻറ് ജോസഫ് കത്തീഡ്രൽ ദേവാലയം സന്ദർശിക്കും. നൂറിലധികം ഇടവക ജനങ്ങൾ അവതരിപ്പിക്കുന്ന മാർഗംകളിയോട് കൂടി അബുദാബി ദേവാലയത്തിൽ നൽകുന്ന സ്വീകരണത്തിൽ ഇടവകയിലെ പിതാക്കന്മാർ, വൈദികർ, എന്നിവർ പങ്കെടുക്കും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.

വ്യാഴാഴ്ച വൈകിട്ട് ഏഴിന് ഷാർജ സെന്റ് മൈക്കിൾസ് പള്ളിയിൽ സ്വീകരണവും വി. കുർബാനയും ഉണ്ടായിരിക്കും. ഷാർജയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സെന്റ് മൈക്കിൾസ് പള്ളിയിലെ വികാരി ഫാ. സവരി മുത്തു അറിയിച്ചു. 29 ന് ദുബായ് മെയ്ദാൻ ഹോട്ടലിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് മിഡിൽ ഈസ്റ്റ് കോൺഫറൻസിൽ പങ്കെടുക്കും. 30 ന് ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ സിറോ മലബാർ ദിനാഘോഷത്തിൽ മാർ റാഫേൽ തട്ടിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.