സര്‍ക്കാരിന് തിരിച്ചടി: കേരള സാങ്കേതിക സര്‍വകലാശാല താല്‍കാലിക വിസി നിയമനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി

സര്‍ക്കാരിന് തിരിച്ചടി: കേരള സാങ്കേതിക സര്‍വകലാശാല താല്‍കാലിക വിസി നിയമനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രൊഫ. കെ. ശിവപ്രസാദിനെ നിയമിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പ്രൊഫ. കെ ശിവപ്രസാദിന് നോട്ടീസ് അയച്ചു.

സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് നിയമനം വേണമെന്ന സര്‍വകലാശാല ചട്ടം ഗവര്‍ണര്‍ ലംഘിച്ചെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ പാനലില്‍ യോഗ്യത ഉള്ളവര്‍ ഉണ്ടായിരുന്നില്ലെന്നും സര്‍വകലാശാലയിലെ ഭരണ സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് താല്‍കാലിക ചുമതല നല്‍കി യോഗ്യത ഉള്ള ആളെ നിയമിച്ചതെന്നും ഗവര്‍ണര്‍ കോടതിയെ അറിയിക്കുകയായിരുന്നു. വൈസ് ചാന്‍സലര്‍ ഇല്ലാത്ത സാഹചര്യം അനുവദിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് സ്റ്റേ ആവശ്യം നിരസിച്ചത്.

വിസിയുടെ ചുമതല വഹിച്ചിരുന്ന വി.സി ഡോ. സജി ഗോപിനാഥ് കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് പ്രൊഫ. കെ ശിവപ്രസാദിന് ചുമതല നല്‍കിയത്. ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പിആര്‍ ഷാലിജ്, ഡോ. വിനോദ് കുമാര്‍ ജേക്കബ് എന്നിവരുടെ പാനലാണ് സര്‍ക്കാര്‍ നല്‍കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.