കൊല്ലം: സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതിന് പിന്നാലെ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് അതൃപ്തരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രകടനം.
സേവ് സിപിഎം എന്ന പേരില്‍ വിവിധ ലോക്കല്‍ കമ്മിറ്റികളിലെ അസംതൃപ്തരായ ആളുകളാണ് പ്രകടനം നടത്തിയത്. 'കൊള്ളക്കാരില്‍ നിന്ന് രക്ഷിക്കൂ' എന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു പ്രതിഷേധം. അന്‍പതോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നതായി പ്രതിഷേധക്കാര്‍ പറഞ്ഞു. പല സമ്മേളനങ്ങളിലും ഏകപക്ഷീയമായാണ് പാനല്‍ അംഗീകരിച്ചത്. മത്സരം ഉണ്ടായാല്‍ അതില്‍ ജയിക്കുന്നവരെ അംഗീകരിക്കുകയാണ് സമ്മേളനം ചെയ്യേണ്ടത്. അല്ലാതെ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുകയല്ല വേണ്ടത്.
ഇന്നലെ നടന്ന കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനവും ആലപ്പാട് നോര്‍ത്ത് സമ്മേളനവും തര്‍ക്കത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടിരുന്നു. സംസ്ഥാന സമിതി അംഗങ്ങളായ കെ. രാജഗോപാല്‍, കെ. സോമപ്രസാദ് എന്നിവരെ സമ്മേളന വേദിയില്‍ പൂട്ടിയിടുന്ന സാഹചര്യം വരെ ഉണ്ടായി.
സമ്മേളനത്തില്‍ പാനല്‍ അവതരിപ്പിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പാനല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു എതിര്‍ത്തവരുടെ നിലപാട്. മറ്റ് ചിലരെക്കൂടി ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പൂര്‍ണമായും അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധമുയര്‍ന്നത്.
ഇത്തവണ സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നതിനാല്‍ കരുനാഗപ്പള്ളി ഏരിയയില്‍ ഒഴികെ മറ്റ് ലോക്കല്‍ സമ്മേളനങ്ങളെല്ലാം നേരത്തെ തന്നെ നടന്നിരുന്നു. വിഭാഗീയതയെ തുടര്‍ന്നാണ് ലോക്കല്‍ സമ്മേളനങ്ങള്‍ മാറ്റിവെക്കേണ്ടി വന്നത്.
ഇനി മൂന്ന് ലോക്കല്‍ സമ്മേളനം കൂടിയാണ് നടക്കാനുള്ളത്. ഡിസംബര്‍ രണ്ടിന് കരുനാഗപ്പള്ളി ഏരിയ സമ്മേളനം തുടങ്ങും. വിഭാഗീയതയും പ്രതിഷേധങ്ങളും ഏരിയ സമ്മേളനത്തിലേക്കും വ്യപിക്കാനാണ് സാധ്യത.