ദുബായ്: കോവിഡ് വ്യാപനത്തിനിടയിലും ദുബായിലെ പൊതു ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയത് 34 കോടി യാത്രക്കാർ. ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട് അതോറിറ്റിയുടെ പുതിയ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിച്ചത് മെട്രോയിലാണ്. 11.3 കോടി യാത്രാക്കാർ. ബസിൽ 9.5 കോടി യാത്രക്കാർ കയറിയപ്പോൾ ട്രാമില്‍ സഞ്ചരിച്ചത് 36 ലക്ഷം പേരാണ്. ജലഗതാഗതം 80 ലക്ഷം പേർ ഉപയോഗപ്പെടുത്തി. ദിവസവും 9.47 ലക്ഷം യാത്രക്കാർ പൊതു ഗതാഗതം ഉപയോഗിച്ചു.
2019 നെ അപേക്ഷിച്ച് യാത്രാക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയെങ്കിലും കോവിഡിനിടയിലും കൂടുതല്‍ ആളുകള്‍ പൊതു ഗതാഗതം ഉപയോഗിച്ചത് പൊതു ഗതാഗത സംവിധാനത്തിന്റെ മേന്മകൊണ്ടാണെന്ന് ആർടിഎ ചെയർമാന്‍ മാത്തർ അല്‍ തായർ പറഞ്ഞു. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടാണ് ഇപ്പോഴും ദുബായില്‍ പൊതു ഗതാഗതം നടക്കുന്നത്. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് ജോലി തുടങ്ങുന്നതിന് മുന്‍പ് കോവിഡ് ടെസ്റ്റ് നടത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.